
തൊടുപുഴ: കോട്ടയം സീറ്റിനെ ചൊല്ലി തുടരുന്ന തര്‍ക്കം പിളര്‍പ്പിന്‍റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നിര്‍വ്വാഹക സമിതി അംഗം റോയ് കെ പൗലോസ്. ജോസഫുമായുള്ള കൂടിക്കാഴ്ച പ്രത്യേക ദൗത്യപ്രകാരമല്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം റോയ് കെ പൗലോസ് പറഞ്ഞു. എംഎല്‍എ ആയ ജോസഫിനെ മറ്റ് വിഷയങ്ങളിലാണ് കാണാനെത്തിയത്. മാണി - ജോസഫ് തര്‍ക്കം ഉചിതമായ രീതിയില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് കണ്ടെത്തിയത് മികച്ച സ്ഥാനാര്‍ത്ഥിയെയാണെന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റോയ് കെ പൗലോസിന്‍റെ ജോസഫുമായുള്ള ചര്‍ച്ച. കേരളാ കോണ്‍ഗ്രസിന്‍റേത് ആഭ്യന്തര പ്രശ്നമാണെന്നാണ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവര്‍ ആവര്‍ത്തിക്കുന്നത്.
എന്നാല്‍ ജോസഫ് താത്പര്യം പ്രകടിപ്പിച്ചാല്‍ ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് ആലോചിക്കാമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. നേരത്തേ ഇടതുമുന്നണിക്കൊപ്പമായിരുന്ന ജോസഫിന്‍റെ പാര്‍ട്ടി പിന്നീട് മുന്നണി വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കുകയായിരുന്നു. നിലവില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിന്‍റായ ജോസഫ് കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം തുറന്ന് പറഞ്ഞിട്ടും പരിഗണിക്കാതെയാണ് മാണി ഇന്നലെ രാത്രിയോടെ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.