'മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്'; പ്രചാരണം ശക്തമാക്കി ശബരിമല കര്‍മ്മസമിതി

By Web TeamFirst Published Apr 12, 2019, 5:17 PM IST
Highlights

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കർമ്മസമിതിയുടെ മുദ്രാവാക്യം. സംസ്ഥാനമാകെ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുമാണ് പ്രചരണം നടത്തുന്നത്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല  പ്രശ്നം സജീവമാക്കാൻ ശബരിമല കർമ്മസമിതി നീക്കം തുടങ്ങി. നോട്ടീസുകളും ഫ്ളക്സുകൾക്കും  പുറമേ നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ  നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി. അതേസമയം  സമിതിക്കെതിരെ ഇടതുമുന്നണി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കർമ്മസമിതിയുടെ മുദ്രാവാക്യം. സംസ്ഥാനമാകെ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുമാണ് പ്രചരണം നടത്തുന്നത്. എന്നാൽ തെര‍ഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാർത്ഥികളേക്കുറിച്ചോ നോട്ടീസില്‍ പരാമർശമൊന്നും ഇല്ല.

വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പിന്നാലെയാണ് നാളെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള നാമജപപ്രതിഷേധം. ശബരിമല സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കള്ളക്കേസുകൾ എടുക്കുന്നു എന്ന പേരിലാണ്   പ്രതിഷേധം. കർമ്മസമിതി പ്രചരണം ശക്തമാക്കുന്ന സാഹചര്യത്തിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 

നോട്ടീസിൽ തെരഞ്ഞെടുപ്പിനേക്കുറിച്ച് ഒന്നും നേരിട്ട്  പറയാത്തത് തന്ത്രമാണന്നും, വോട്ടർമാരെ ദൈവത്തിന്‍റെ പേരിൽ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദശമെന്നും ആണ് പരാതി. അതേസമയം പോസ്റ്ററുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർമ്മസമിതി. അതിന്‍റെ പേരിൽ ആർക്കും നടപടി എടുക്കാനാവില്ല. സമിതിയുമായി ബന്ധമൊന്നമില്ലെന്ന നിലപാട് ബിജെപിയും ആവര്‍ത്തിക്കുന്നു. 

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മണ്ഡലത്തിൽ കർമ്മ സമിതിയുടെ നോട്ടീസുകൾ പൊലീസ് പിടിച്ചെടുത്തെങ്കിലും പിന്നീട് വിട്ടുകൊടുത്തിരുന്നു. കർമ്മ സമിതിയുടെ പ്രചരണത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും ചട്ടലംഘനം ഉണ്ടോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും തിരുവനന്തപുരം സബ് കളക്ടര്‍ ജി പ്രിയങ്ക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!