സരിത എസ് നായർ വയനാട്ടിൽ നിന്ന് രാഹുലിനെതിരെയും മത്സരിക്കും

By Web TeamFirst Published Apr 2, 2019, 6:44 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതിന് പുറമേയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും മത്സരിക്കുന്നത്. 

തിരുവനന്തപുരം: എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത എസ് നായർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം. നേരത്തേ ഹൈബി ഈഡൻ എംഎൽഎയ്ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കാൻ സരിത പത്രിക വാങ്ങി മടങ്ങിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായർ എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് ചോദിച്ചു. 

എല്ലാ തെര‍ഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

click me!