മുഖ്യമന്ത്രി പദം ആദിത്യക്ക് നൽകാതെ അടങ്ങുമോ ശിവസേന? ഫലിച്ചത് 'ഫട്‍നവിസ് നയതന്ത്രം'

By Web TeamFirst Published Oct 5, 2019, 7:25 AM IST
Highlights

ഇന്നലെ നാഗ്‍പൂരിൽ നാമനിർദേശ പത്രിക നൽകിയ ശേഷം ഉദ്ധവ് താക്കറെയുമൊത്തുള്ള വാർത്താ സമ്മേളനത്തിൽ ഫട്‍നവിസിന്‍റെ മുഖത്ത് ചെറുചിരി മിന്നിമായുന്നുണ്ടായിരുന്നു. 

നാഗ്‍പൂർ: മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന്‍റെ മത്സരചിത്രം വ്യക്തമാകുമ്പോൾ ശിവസേന അതൃപ്തി തുറന്ന് പ്രകടിപ്പിക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നവിസ്. മഹാരാഷ്ട്രയിൽ ബിജെപിയും ചെറുകക്ഷികളും 164 സീറ്റിലും ശിവസേന 124 സീറ്റിലും മത്സരിക്കും. ഹിന്ദുത്വം എന്ന ആശയമാണ് ശിവസേനയേയും ബിജെപിയെയും ഒന്നിച്ചുനിർത്തുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നവിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പണം കഴിഞ്ഞതോടെ തകൃതിയായ പ്രചാരണത്തിലാണ് മുന്നണികൾ.

നാഗ്‍പൂരിൽ നാമനിർദ്ദേശപത്രിക നൽകിയശേഷം ഉദ്ധവ് താക്കറെയുമൊത്തുള്ള പത്രസമ്മേളനത്തിനായി മുംബൈയിലേക്ക് പറന്നിറങ്ങിയ ദേവേന്ദ്ര ഫ‍ട്‍നവിസിന്‍റെ മുഖത്ത് ചിരി മിന്നിമായുന്നുണ്ടായിരുന്നു. ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം സീറ്റ് പ്രഖ്യാപനം വന്നപ്പോൾ ബിജെപി ഉദ്ദേശിച്ചത് നടന്നു. തുടക്കത്തിൽ 144 സീറ്റ് വേണമെന്ന് വാശിപിടിച്ച സേനയ്ക്ക് നൽകിയത് 124 സീറ്റ്. ചെറു ഘടകകക്ഷികളും ബിജെപിയും ചേർന്ന് 164 ഇടങ്ങളിൽ മത്സരിക്കും.

ശിവസേനയ്ക്ക് സീറ്റ് കുറവല്ലേ എന്ന ചോദ്യത്തിന് സാഹോദര്യത്തിൽ 'മൂത്തത് ഇളയത്' എന്നൊന്നും ഇല്ലെന്നായിരുന്നു ഉദ്ധവിന്‍റെ പ്രതിരോധം. ബിജെപിയുമൊത്തുള്ള സീറ്റ് ധാരണയിൽ പൂർണ തൃപ്തി ഇല്ലെങ്കിലും ഉദ്ധവിന് മുന്നിൽ വേറെ വഴികളില്ല. പല വിഷയങ്ങളിലും ശിവസേനയുമായി അഭിപ്രായവത്യാസം ഉണ്ടെങ്കിലും ഹിന്ദുത്വം എന്ന ആശയം ഇരുപാർട്ടികളേയും ചേർത്തുനിർത്തുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു.

ഫട്‍നവിസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദിത്യ താക്കറെ വേദിയിലെത്തുന്നത്. പ്രസംഗം നിർത്തി ആദിത്യയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി വലിയ ഭൂരിപക്ഷത്തിൽ ആദിത്യ നിയമസഭയിൽ എത്തുമെന്ന് പ്രഖ്യാപിച്ചു. ആദിത്യയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകുമോ എന്ന് മാധ്യമപ്രവർത്തകരിൽ ഒരാൾ ചോദിച്ചപ്പോൾ താങ്കൾക്ക് എന്താണിത്ര ധൃതി എന്നായിരുന്നു ഫട്‍നവിസിന്‍റെ മറുചോദ്യം.

ആദിത്യയ്ക്ക് വേണ്ടത് മുഖ്യമന്ത്രിപദം?

''ചന്ദ്രയാന് ചന്ദ്രനിലെത്താൻ ചെറിയ സാങ്കേതിക പ്രശ്നം കൊണ്ട് കഴിഞ്ഞില്ല. പക്ഷേ നമ്മുടെ സൂര്യയാൻ (സൂര്യനാണ് ശിവസേനയുടെ അടയാളം) മന്ത്രാലയയുടെ (സെക്രട്ടേറിയറ്റ്) ആറാം നിലയിൽത്തന്നെ എത്തും'', തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേനാ വക്താവ് സഞ്ജയ് റാവത്തിന്‍റെ വാക്കുകളാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കാലങ്ങളായി മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്‍റെ ആറാം നിലയിലാണ്.

ശിവസേന പ്രചാരണത്തിന് മുന്നിൽ നിർത്തുന്നതും ഉയർത്തിക്കാട്ടുന്നതും ആദിത്യ താക്കറെയെത്തന്നെയാണ്. താക്കറെ കുടുംബത്തിൽ പാർലമെന്‍ററി രാഷ്ട്രീയത്തിലിറങ്ങുന്ന ആദ്യ ഇളമുറക്കാരൻ. 

രണ്ട് ദിവസം മുമ്പ് ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ആദിത്യയും സ്ഥാനമോഹം മറച്ചു വയ്ക്കുന്നില്ല. ''ഉടനെത്തന്നെ മഹാരാഷ്ട്രയ്ക്ക് ശിവസേനയുടെ ഒരു മുഖ്യമന്ത്രിയെക്കിട്ടും. ഇപ്പോൾ ഞാൻ ഈ സംസ്ഥാനത്തെ സേവിയ്ക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണ് ജനങ്ങൾ എന്നെ കാണാൻ ആഗ്രഹിക്കുന്നതും''.

ഇത്തരം പ്രസ്താവനകൾ പ്രവർത്തകരുടെ ആത്മവിശ്വാസം കൂട്ടുമെങ്കിലും,  ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ ''ഇളയവനായി''പ്പോയതിൽ ചെറുതല്ലാത്ത മനഃപ്രയാസമുണ്ട് ശിവസേനയ്ക്ക്. കങ്കാ‍വ്‍ലിയെന്ന, സേനയ്ക്ക് കണ്ണുണ്ടായിരുന്ന സീറ്റിൽ, നോമിനി സതീഷ് സാവന്തിനെ തള്ളി ബിജെപിയുടെ നിതേഷ് റാണെയാണ് മത്സരിക്കുന്നത്. ഇതൊക്കെ മുന്നണിയിലെ അതൃപ്തിയ്ക്ക് പ്രകടമായ കാരണങ്ങളാണ്.

പക്ഷേ, വർളിയിൽ ഇന്നലെ ആദിത്യ പത്രികാ സമർപ്പണം നടത്താനെത്തിയത് ശിവസേന പ്രവർത്തകർ ആഘോഷമാക്കി. 29-ാം വയസ്സിലാണ് ആദിത്യ കളത്തിലിറങ്ങാൻ തീരുമാനിക്കുന്നത്. പണ്ട്, കടുത്ത മറാത്ത വാദം ഉയർത്തിയിരുന്ന ശിവസേന ആദിത്യയ്ക്ക് വേണ്ടി മണ്ഡലത്തിൽ നടത്തുന്ന പ്രചാരണ രീതിയും കൗതുകകരമാണ്. ''ഹൗ ആർ യു വർളി'' എന്നെഴുതിയ ലഘുലേഖകൾ അഞ്ച് ഭാഷകളിലായി അച്ചടിച്ച് വിതരണം ചെയ്യുകയാണ് ശിവസേന. ഹിന്ദി, ഉർദു, ഗുജറാത്തി, ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളിലുള്ള സമാനലഘുലേഖകൾ സാമൂഹ്യമാധ്യമങ്ങളിലും വ്യാപകപ്രചാരം നേടുന്നു. 

ഈസി വാക്കോവറിന് അനൗദ്യോഗിക ചർച്ചകൾ

വർളിയിൽ ആദിത്യക്ക് ഈസി വാക്കോവർ നടത്താൻ കഠിന ശ്രമത്തിലാണ് ശിവസേന. വക്താവ് സഞ്ജയ് റാവത്ത് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ നേരിട്ട് കണ്ട്, ശക്തരായ സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. അത്തരമൊരു ഉപകാരം പണ്ട് എൻസിപിയ്ക്ക് ശിവസേന ചെയ്തിട്ടുണ്ട്. 2006-ൽ ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെ തന്‍റെ കന്നിപ്പോരാട്ടത്തിന് ഇറങ്ങിയപ്പോൾ ശിവസേന ശക്തരായ സ്ഥാനാർത്ഥികളെ നിർത്താതെ പോരാട്ടം ഒഴിവാക്കി. അന്ന് ബാൽ താക്കറെ ഒരു പ്രഖ്യാപനവും നടത്തി. ''മഹാരാഷ്ട്രയുടെ മകൾ ദില്ലിയിലേക്ക് പോകുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന്''. ഇതുവരെ എൻസിപിയോ കോൺഗ്രസോ മഹാരാഷ്ട്ര നവനിർമാൺ സേനയോ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

click me!