രണ്ടാം മോദി സർക്കാർ; സത്യപ്രതിജ്ഞ 30നെന്ന് സൂചന; മുതിർന്ന നേതാക്കളുടെ അനുഗ്രഹം വാങ്ങി മോദി

By Web TeamFirst Published May 24, 2019, 2:11 PM IST
Highlights

മുതിര്‍ന്ന നേതാക്കളെ കാണാൻ മോദിക്കൊപ്പം അമിത്ഷായും എത്തി. അദ്വാനിയുടെയും ജോഷിയുടെയും കാൽതൊട്ട് വന്ദിച്ചു. ഇവരാണ് ബിജെപിയെ വളര്‍ത്തിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു

ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. പുതിയ മന്ത്രിസഭയിൽ അമിത്ഷാ രണ്ടാമനായേക്കുമെന്ന സൂചനയുണ്ട്. അരുണ്‍ ജയ്റ്റ്‍ലി പുതിയ മന്ത്രിസഭയിൽ ഉണ്ടായേക്കില്ല. നിലവിലെ മന്ത്രിസഭയുടെ അവസാന യോഗം ഇന്ന് ദില്ലിയിൽ ചേരും.  

വലിയ വിജയത്തിന് ശേഷം മോദിയുടെ ഇന്നത്തെ ആദ്യനീക്കം മുതിര്‍ന്ന നേതാക്കളായ എ.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കാണുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെ കാണാൻ മോദിക്കൊപ്പം അമിത്ഷായും എത്തി. അദ്വാനിയുടെയും ജോഷിയുടെയും കാൽതൊട്ട് വന്ദിച്ചു. ഇവരാണ് ബിജെപിയെ വളര്‍ത്തിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു. 

വൈകീട്ട് അഞ്ച് മണിക്ക് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ 16- ലോക്സഭ പിരിച്ചുവിടാനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അവതരിപ്പിക്കും. വൈകീട്ട് രാഷ്ട്രപതി കണ്ട് മോദി രാജിക്കത്ത് കൈമാറും. നാളെയോ മറ്റന്നാളോ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുക്കും. 26ന് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി  രാഷ്ട്രപതിയെ കാണും.  29ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദര്‍ശനം. 29ന് അഹമ്മദാബാദിൽ എത്തി അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങും. ശേഷം 30നാകും സത്യപ്രതിജ്ഞ ചടങ്ങ്. 

ലോക നേതാക്കളുടെ വലിയ സാന്നിധ്യം മോദിയുടെ രണ്ടാംവരവിൽ ഉണ്ടാകുമെന്നാണ് സൂചന. 2014ൽ സാര്‍ക്ക് രാഷ്ട്രതലന്മാരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച അമിത്ഷാ മന്ത്രിസഭയിൽ രണ്ടാമനാകും എന്ന ചര്‍ച്ചകൾ സജീവമാണ്. എന്നാൽ അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി തന്നെ തുടരുമെന്ന സൂചനകളും ഉണ്ട്. 

അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കിൽ രാജ്നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി. നിതിൻ ഖഡ്ക്കരിക്ക് വലിയ പദവി നൽകണം എന്ന നിര്‍ദ്ദേശം ആര്‍എസ്എസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന അരുണ്‍ ജയ്റ്റ്ലി പുതിയ മന്ത്രിസഭയിൽ ഉണ്ടായേക്കില്ല. ജയ്റ്റ്ലിയില്ലെങ്കിൽ പിയൂഷ് ഗോയലാകും ധനമന്ത്രി.  

വിദേശകാര്യമന്ത്രി എന്ന നിലയിൽ മികച്ച പ്രകടനമാണ് സുഷമസ്വരാജ് നടത്തിയത്. സുഷമസ്വരാജ് തുടരാനുള്ള സാധ്യതയുണ്ടെങ്കിലും അവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. കേരളത്തിൽ നിന്ന് അൽഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളിലുള്ളത്. പശ്ചിമബംഗാൾ, ഒഡീഷ, കർണാടക സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നൽകും. എൻഡിഎ ഘടകകക്ഷികൾക്ക് അര്‍ഹമായ പരിഗണന നൽകുമെന്ന് അമിത്ഷാ സൂചന നൽകിയിരുന്നു.

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

            

 

 

 

click me!