സീറോ സീറ്റ്; ആർഎസ്എസ്സിനെ പഴിച്ച് പിള്ളയും നേതൃമാറ്റത്തിന് മുരളീധരപക്ഷവും; ബിജെപിയിൽ തമ്മിലടി

By Web TeamFirst Published May 24, 2019, 1:35 PM IST
Highlights

സംസ്ഥാന ബിജെപിയിലെ പോര് കനക്കുകയാണ്. ശബരിമല പ്രശ്നം ഉണ്ടായിട്ടും മുതലാക്കാനാകാതെ പോയതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷ നിലപാട്

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിനുള്ള നീക്കങ്ങൾ മുരളീധരപക്ഷം സജീവമാക്കുന്നതിനിടെ ആർഎസ്എസ്സിനെ പഴിചാരാൻ ശ്രീധരൻപിള്ള. പാർട്ടി തീരുമാനം മറികടന്നുള്ള ആർഎസ്എസ് ഇടപെടലാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവിക്കുള്ള കാരണമായി ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തിന് മുന്നിൽ നിരത്താനൊരുങ്ങുന്നത്.

അക്കൗണ്ട് തുറക്കൽ വീണ്ടും സ്വപ്നമായി അവശേഷിച്ചതോടെ സംസ്ഥാന ബിജെപിയിലെ പോര് കനക്കുകയാണ്. ശബരിമല പ്രശ്നം ഉണ്ടായിട്ടും മുതലാക്കാനാകാതെ പോയതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്‍റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡണ്ടിന്റെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീപക്ഷം വിരൽ ചൂണ്ടുന്നത്. മുൻ നിലപാട് വിട്ട് ആർഎസ്എസ്സും മുരളീപക്ഷത്തിനൊപ്പമുണ്ടാകുമെന്നതും പ്രധാനം. ഇത് തിരിച്ചറിഞ്ഞാണ് ആർഎസ്എസ്സിനെതിരായ പിള്ളയുടെ നീക്കം. 

തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവിയാണ് ആർഎസ്എസ്സിനെതിരായ പിള്ളയുടെ പ്രധാന ആയുധം. കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കാനുള്ള ആർഎസ്എസ് കടുംപിടുത്തം തോൽവിയുടെ കാരണങ്ങളായി പിള്ള പാർട്ടി ദേശീയ നേതൃത്വത്തിന് മുന്നിൽ നിരത്തും. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താൻ മത്സരിച്ചിരുന്നെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി താമരയിൽ വീഴുമായിരുന്നുവെന്നാണ് പിള്ളയുടെ വാദം. 

ആർഎസ്എസ്സിൻറ അമിത ഇടപെടലിൽ കൃഷ്ണദാസ് പക്ഷത്തിനും പരാതിയുണ്ട്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പരസ്പരം പഴിചാരലും പൊട്ടിത്തെറിയും ഉറപ്പാണ്. ശബരിമലയുടെ നേട്ടം യുഡിഎഫ് കൊണ്ടുപോയെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തലൊന്നും ദേശീയ നേതൃത്വം അംഗീകരിക്കില്ല. പുതിയ സർക്കാരിലും ദേശീയതലത്തിലെ പാർട്ടി പുന:സംഘടനയിലും സംസ്ഥാനത്തെ പല നേതാക്കൾക്കും കണ്ണുണ്ടെങ്കിലും സീറോ സീറ്റെന്ന വസ്തുത എല്ലാ ഗ്രൂപ്പ് നേതാക്കളുടേയും നെഗറ്റീവ് പോയിന്‍റാണ്.

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

            

 

click me!