രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു; 97 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വ്യാഴാഴ്ച

By Web TeamFirst Published Apr 16, 2019, 11:15 PM IST
Highlights

മറ്റന്നാളാണ് 97 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലും അമിത് ഷാ കർണ്ണാടകത്തിലും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.

ദില്ലി: രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളിലേക്കുള്ള പ്രചാരണം അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിനെ തുടർന്ന് മായാവതി സഹോദരീ പുത്രൻ ആകാശ് ആനന്ദിനെ പ്രചാരണത്തിന് നിയോഗിച്ചു.  ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയാണ് യോഗി ആദിത്യനാഥ് വിലക്കിനോട് പ്രതികരിച്ചത്.

മറ്റന്നാളാണ് 97 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലും അമിത് ഷാ കർണ്ണാടകത്തിലും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബിഎസ്പി എസ്പി സഖ്യത്തിന്‍റെ രണ്ടാം റാലി ആഗ്രയിൽ നടന്നു. ഒറ്റയാൾ പാർട്ടിയായി തുടർന്ന ബിഎസ്പിയും കുടുംബ പാർട്ടിയാകുന്ന സൂചനകൾ ആഗ്ര റാലി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയ മായാവതി സഹോദരന്‍റെ മകൻ ആകാശ് ആനന്ദിനെ റാലിയിൽ പാർട്ടിക്കു വേണ്ടി സംസാരിക്കാൻ നിയോഗിച്ചത്.

ഏറ്റുമുട്ടൽ ഭരണമാണ് യോഗി ആദിത്യനാഥിൻറേതെന്ന് അഖിലേഷ് യാദവ് റാലിയിൽ പറഞ്ഞു. ലക്നൗവിലെ ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ പ്രാർത്ഥന നടത്തിയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലക്കിനോട് പ്രതികരിച്ചത്. എസ്പി ബിഎസ്പി സഖ്യത്തിന് അലി ഉണ്ടെങ്കിൽ ബിജെപിക്ക് ബജ്രംഗ് ബലി അഥവാ ഹനുമാൻ ഉണ്ടെന്ന പ്രസ്താവനയ്ക്കാണ് യോഗി ആദിത്യനാഥിന് വിലക്കേർപ്പെടുത്തിയത്. ഇരുപത് മിനിറ്റ് പ്രാർത്ഥനയക്കു ശേഷം യോഗി ആദിത്യനാഥ് മടങ്ങി. ആദ്യ ഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമം നടന്നതായുള്ള പരാതിയുടെ പശ്ചാത്തലത്തിൽ പ്രത്യേക യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത ഘട്ടങ്ങളിലേക്കുള്ള മുൻകരുതൽ നടപടികൾ വിലയിരുത്തി.

click me!