
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആവേശകരമായ ജനപങ്കാളിത്തം. പോളിംഗ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി സംസ്ഥാനത്തെ പകുതി മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനം കടന്നു. സംസ്ഥാനത്തെ എല്ലാ കോണുകളിലുള്ള ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണുന്നത് വോട്ടിംഗ് അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ അവശേഷിക്കേ പോളിംഗ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പൊന്നാനി ഒഴിച്ച് കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനം കടന്നിട്ടുണ്ട്. അഞ്ചരയോടെ കണ്ണൂരിലെ പോളിംഗ് 76 ശതമാനത്തിലെത്തി. ഇതേ ട്രെന്‍ഡാണ് ചാലക്കുടിയിലും കാസര്‍ഗോഡും വയനാട്ടിലും ദൃശ്യമായത്. കൃത്യം ആറ് മണിക്ക് പോളിംഗ് ബൂത്തിന്‍റെ ഗേറ്റ് പൂര്‍ണമായും അടയ്ക്കും. സംസ്ഥാനത്ത് എല്ലായിടത്തും ഇത് ബാധകമായിരിക്കും. ആറ് മണിക്ക് ശേഷം ആരേയും വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല.
ആറ് മണിക്ക് ഗേറ്റ് അടച്ച ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയാവും വോട്ടിംഗ് തുടരുക. സംസ്ഥാനത്തെ പലയിടത്തും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായതിനാല്‍ പോളിംഗിനെ ബാധിച്ചിരുന്നു. പലയിടത്തും പോളിംഗ് മന്ദഗതിയിലാണെന്ന ആക്ഷേപം ഉയര്‍ന്നു. ഇതെല്ലാ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് എല്ലായിടത്തും പോളിംഗ് നടപടികള്‍ പൂര്‍ത്തിയാവാന്‍ ഏഴ് മണിയെങ്കിലും ആയേക്കും കൃത്യം പോളിംഗ് ശതമാനം സംബന്ധിച്ച അന്തിമകണക്ക് രാത്രിയോടെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.