മായാവതിയും അഖിലേഷും പ്രധാനമന്ത്രിസ്ഥാനത്തിന് യോഗ്യരെന്ന് ശത്രുഘന്‍ സിന്‍ഹ; കോണ്‍ഗ്രസില്‍ അതൃപ്തി

By Web TeamFirst Published Apr 25, 2019, 4:36 PM IST
Highlights

മായാവതിയും അഖിലേഷ് യാദവും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിപദത്തിലിരുന്ന് കഴിവ് തെളിയിച്ചവരാണെന്നും അതുകൊണ്ട് പ്രധാനമന്ത്രിയാകാന്‍ അനുയോജ്യരാണ് എന്നുമാണ് സിന്‍ഹ പറഞ്ഞത്. 

പട്ന: ബിഎസ്പിനേതാവ് മായാവതിയെയും എസ്പി നേതാവ് അഖിലേഷ് യാദവിനെയും പുകഴ്ത്തി നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശത്രുഘന്‍ സിന്‍ഹ. ഇരുവരും പ്രധാനമന്ത്രിയാകാന്‍ യോഗ്യരാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ശത്രുക്കളെ പുകഴ്ത്തിയുള്ള സിന്‍ഹയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

"ആര്‍ക്കും പ്രധാനമന്ത്രിയാകാം. അതൊരു കണക്കിന്‍റെ കളിയാണ്. നിശ്ചിത എണ്ണം എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ എനിക്കും നിങ്ങള്‍ക്കും പ്രധാനമന്ത്രിയാകാം. പക്ഷേ, വിജയകരമായി മുഖ്യമന്ത്രിപദവി വിനിയോഗിച്ചിട്ടുള്ളവരാണ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യര്‍". ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

മായാവതിയും അഖിലേഷ് യാദവും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിപദത്തിലിരുന്ന് കഴിവ് തെളിയിച്ചവരാണെന്നും അതുകൊണ്ട് പ്രധാനമന്ത്രിയാകാന്‍ അനുയോജ്യരാണ് എന്നുമാണ് സിന്‍ഹ പറഞ്ഞത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി പദത്തിന് അര്‍ഹനാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ ജെഡിയു ബിജെപി പാളയത്തിലായതിനാല്‍ പറ‌ഞ്ഞിട്ട് കാര്യമില്ലെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായി എന്നല്ലാതെ എന്തു യോഗ്യതയാണ് നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നതെന്ന് ശത്രഘന്‍ സിന്‍ഹ ചോദിച്ചു. തന്നെപ്പോലെയുള്ള സാധാരണ ബിജെപി പ്രവര്‍ത്തകരാണ് മോദിയെ വളര്‍ത്തിയത്. അതാണ് രാജ്യമെമ്പാടും മോദി മന്ത്രം അലയടിക്കാന്‍ കാരണമായതെന്നും സിന്‍ഹ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ബിജെപി വിട്ട് ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. പട്നസാഹിബില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇക്കുറി സിന്‍ഹ ജനവിധി തേടുന്നത്. 

click me!