മോദി സുഹൃത്താണ്, വിമര്‍ശനം അദ്ദേഹത്തിന്‍റെ നയങ്ങളോടും വ്യാജ വാഗ്ദാനങ്ങളോടും: ശത്രുഘ്നന്‍ സിന്‍ഹ

By Web TeamFirst Published Apr 11, 2019, 10:14 AM IST
Highlights

കോണ്‍ഗ്രസാണ് തന്‍റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സുഹൃത്താണെന്നും താന്‍ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്‍റെ വ്യാജ  വാഗ്ദാനങ്ങളേയും നയങ്ങളേയുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ.  കഴിഞ്ഞമാസം ബിജെപി വിട്ട ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനൊരുങ്ങുകയാണ്. ഇതിനിടെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം.  വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് വാജ്പേയും മോദിയും പ്രതിനിധീകരിക്കുന്നത്. ഒരാള്‍ ജനാധിപത്യവും മറ്റേയാള്‍ ഏകാധിപത്യവുമാണെന്നും സിന്‍ഹ പറഞ്ഞു.

ബിജെപി വിട്ട തന്നെ  അരവിന്ദ് കെജ്രിവാളും മമതാ ബാനര്‍ജിയും മായാവതിയും അഖിലേഷ് യാദവും ക്ഷണിച്ചിരുന്നു. അവരോടൊക്കെ നന്ദിയുണ്ട്. കുടുംബ സുഹൃത്തായ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർജെഡിയില്‍ ചേര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനാണ് അദ്ദേഹം തന്നോട് പറഞ്ഞത്. ഗാന്ധിയുടേയും സർദ്ദാര്‍ പട്ടേലിന്‍റെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും പാര്‍ട്ടിയാണിത്. സ്വാതന്ത്ര്യത്തിനായി വലിയ പങ്ക് നല്‍കിയ പാര്‍ട്ടി. കോണ്‍ഗ്രസാണ് തന്‍റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

click me!