ടൈറ്റാനിക് പോലെ മുങ്ങുന്നു: കോൺഗ്രസിനെ കുറിച്ച് നരേന്ദ്ര മോദി

By Web TeamFirst Published Apr 6, 2019, 11:08 PM IST
Highlights

കോൺഗ്രസിനൊപ്പമുള്ള പാർട്ടികൾ കോൺഗ്രസിനൊപ്പം മുങ്ങുകയോ അല്ലെങ്കിൽ കോൺഗ്രസ് വിട്ട് പോവുകയോ ചെയ്യുന്നു

പൂനെ: കോൺഗ്രസ് ഇന്ത്യൻ രാഷ്ട്രീയത്തിലെ മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയ്ക്കടുത്ത് നാന്ദദിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനൊപ്പമുള്ള സഖ്യകക്ഷികൾ കോൺഗ്രസിനൊപ്പം മുങ്ങിത്താഴുകയോ, അല്ലെങ്കിൽ മുന്നണി വിട്ട് പുറത്തുപോവുകയോ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് നന്ദെദ്. ശക്തമായ മോദി തരംഗമുണ്ടായിരുന്ന 2014 ൽ പോലും ബിജെപിക്ക് ഇവിടെ ജയിക്കാൻ സാധിച്ചിട്ടില്ല. 2004 ൽ മാത്രമാണ് ബിജെപിക്ക് ഈ സീറ്റ് ജയിക്കാനായത്. 

മഹാരാഷ്ട്രയിലെ കോൺഗ്രസ് പാർട്ടിക്കകത്ത് അവരുടെ എംഎൽഎമാരുടെ എണ്ണത്തേക്കാൾ കൂടുതൽ ഗ്രൂപ്പുകളാണെന്നും ഇവർ തമ്മിൽ നിരന്തരം തർക്കങ്ങളാണെന്നും മോദി കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ പ്രകടന പത്രിക ഇടത്തരക്കാരെ ശത്രുക്കളായാണ് കാണുന്നതെന്ന് മോദി പറഞ്ഞു. പ്രകടന പത്രികയിൽ ഒരിടത്ത് പോലും ഇടത്തരക്കാർ എന്ന വാക്ക് കോൺഗ്രസ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്തെ ഏറ്റവും പാവപ്പെട്ട 20 ശതമാനം കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം ഇടത്തരക്കാരുടെ മേൽ നികുതി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാരെ വേണമെന്നാണ് ആഗ്രഹമെന്നും ഒരാൾ ഡൽഹിയിലും മറ്റൊരാൾ ജമ്മു കാശ്മീരിലും ആണെന്നും അദ്ദേഹം വിമർശിച്ചു. 

click me!