കോൺ​ഗ്രസ് മുക്തഭാരതമല്ല ശിവസേന സ്വപ്നം കാണുന്നത്; ഉദ്ധവ് താക്കറേ

By Web TeamFirst Published Apr 3, 2019, 12:29 PM IST
Highlights

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത്. എന്നാൽ ഇതിന് വിരുദ്ധമാണ് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയുടെ ഏറ്റവും പുതിയ നിലപാട്.

മുംബൈ: കോൺ​ഗ്രസ് മുക്ത ഭാരതമല്ല ശിവസേന സ്വപ്നം കാണുന്നതെന്ന് ഉദ്ധവ് താക്കറേ. ബിജെപിയു‌മായി സഖ്യത്തിലായതിന് ശേഷം ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദ്ധവ് താക്കറേ ഇക്കാര്യം വെളിപ്പെടുത്തിയത്. സഖ്യം പ്രഖ്യാപിച്ചതിന് ശേഷം ആദ്യം നൽകുന്ന അഭിമുഖമാണിത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന നിലവാരം കുറഞ്ഞ അജണ്ട തങ്ങള്‍ക്കില്ലെന്നും ശിവസേന മേധാവി പറഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത്. എന്നാൽ ഇതിന് വിരുദ്ധമാണ് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയുടെ ഏറ്റവും പുതിയ നിലപാട്. ''കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഞാനൊരിക്കലും പറഞ്ഞിട്ടില്ല, കാരണം പ്രതിപക്ഷം ആവശ്യമാണ്. അത്തരം വിലകുറഞ്ഞ അജണ്ടകള്‍ എനിക്കില്ല.  പി.വി നരസിംഹറാവുവിനെ പോലുള്ള നേതാക്കള്‍ ഇന്നവര്‍ക്കില്ല. കോണ്‍ഗ്രസിന്റെ ഇന്നത്തെ നില വളരെ പരിതാപകരമാണ്.'' താക്കറെ പറഞ്ഞു.

നല്ലൊരു നേതൃത്വത്തിന്റെ കുറവ് കോൺ​ഗ്രസിനുണ്ടെന്ന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു കൊണ്ട് താക്കറെ പറഞ്ഞു. ‘'കോണ്‍ഗ്രസിന് മികച്ച നേതാക്കളില്ല. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത്? ചില സമയങ്ങളില്‍ അദ്ദേഹം നല്ലത് എന്തെങ്കിലും പറയും. മറ്റ് ചില സമയങ്ങളില്‍ പറഞ്ഞ കാര്യങ്ങൾ ഇല്ലാതാക്കുന്ന തരത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍''  ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എക്‌സിക്യുട്ടിവ് എഡിറ്റര്‍ സഞ്ജയ് റാവുത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് താക്കറേ ഇപ്രകാരം പറഞ്ഞത്. ശിവസേന ഒരിക്കലും ബിജെപിയെ ചതിക്കില്ല, ബിജെപി ശിവസേനയെയും വഞ്ചിക്കരുതെന്ന് ഇന്നലെ ഉദ്ധവ് താക്കറേ പറഞ്ഞിരുന്നു. 

click me!