എന്തായിരിക്കും തെക്കൻ കേരളം കാത്തുവച്ചിരിക്കുന്ന സസ്പെൻസ്? താമര വിരിയുമോ?

By Web TeamFirst Published Apr 24, 2019, 9:25 PM IST
Highlights

തെക്കൻകേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.എന്തായിരിക്കും തെക്കൻ കേരളം വോട്ടിംഗ് മെഷീനിൽ കാത്തുവച്ചിരിക്കുന്ന സസ്പെൻസ്?

തിരുവനന്തപുരം: തെക്കൻകേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. തെക്കൻ കേരളത്തിലെ എല്ലാ പാർലമെന്‍റ് മണ്ഡലങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയതാണ്  സംസ്ഥാനത്തെ പോളിംഗ് ശതമാനം കുതിച്ചുയരാൻ കാരണമായതും. മിക്കയിടത്തും യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. എന്തായിരിക്കും തെക്കൻ കേരളം വോട്ടിംഗ് മെഷീനിൽ കാത്തുവച്ചിരിക്കുന്ന സസ്പെൻസ്?

ത്രികോണപ്പോരിന്‍റെ സസ്പെൻസിൽ തിരുവനന്തപുരം

സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിഗ് രേഖപ്പെടുത്തിയത്  തിരുവനന്തപുരത്ത് ആയിരുന്നു. പക്ഷേ കഴിഞ്ഞ തവണത്തേക്കാൾ അഞ്ചര ശതമാനമാണ് പോളിംഗ് തലസ്ഥാന മണ്ഡലത്തിലെ പോളിംഗ് കൂടിയത്. അതിശക്തമായ ത്രികോണമത്സരവും നാടിളക്കിയുള്ള പ്രചാരണവും കൂടുതൽ വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിച്ചു. ബിജെപി ശബരിമല പ്രധാന പ്രചാരണ വിഷയമാക്കിയ തിരുവനന്തപുരത്ത് പോളിംഗ് ട്രൻഡിലെ അടിയൊഴുക്കുകളിൽ സാമുദായിക ശക്തികൾ എടുത്ത തീരുമാനങ്ങൾ നിർണ്ണായകമാകും.  

കഴിഞ്ഞതവണ ശശി തരൂരിനെ ജയിപ്പിച്ച പാറശാല, നെയ്യാറ്റിൻകര, കോവളം നിയോജക മണ്ഡലങ്ങളിൽ ഇത്തവണ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. അതേസമയം ബിജെപി ലീഡ് നേടിയ നഗരമേഖലയിൽ അതുപോലെ പോളിംഗ് ഉയർന്നതുമില്ല. സ്വന്തം വോട്ടുകൾ മാത്രം കാര്യമായി പോൾ ചെയ്യപ്പെട്ടതുകൊണ്ടാണ് ഇതെന്നാണ് ബിജെപിയുടെ പ്രതികരണം. എന്നാലും തെരഞ്ഞെടുപ്പിന് ശേഷം തരൂർ ക്യാമ്പിന്‍റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്.  വലിയ വിജയമാണ് വരാനിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. തിരുവനന്തപുരത്ത് താമര വിരിയുമെന്ന് ബിജെപിയും തീരദേശ മേഖല തുണയ്ക്കുമെന്ന വിശ്വാസത്തിൽ ഇടതുക്യാമ്പും കണക്കുകൾ കൂട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തിന്‍റെ വിധി അടിയൊഴുക്കുകൾ തന്നെ തീരുമാനിക്കും.

ആറ്റിങ്ങൽ ആത്മവിശ്വാസത്തോടെ ഇടതുപക്ഷം

ഇടതുകോട്ടയായ ആറ്റിങ്ങലിൽ കോൺഗ്രസിന് പ്രതീക്ഷയുള്ള അരുവിക്കരയിലും കാട്ടാക്കടയിലുമാണ് ഇത്തവണ പോളിംഗിൽ വൻ വർദ്ധന ഉണ്ടായത്. സിപിഎമ്മിന് വൻ ഭൂരിപക്ഷം കിട്ടാറുള്ള വർക്കലയിൽ ഇത്തവണ പോളിംഗ് കുറഞ്ഞു എന്ന പ്രത്യേകതയും ഉണ്ട്. പക്ഷേ ഇതൊന്നും കഴിഞ്ഞതവണത്തെ 69000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം മറിക്കൻ മതിയാവില്ലെന്നാണ് ഇടതുക്യാമ്പിന്‍റെ ആശ്വാസം. പതിനാറാം ലോക്സഭയിൽ ലഭിച്ചതിനേക്കാൾ കൂടുതൽ ലോക്സഭയിൽ ഉള്ളതിനേക്കാൾ സീറ്റ് കേരളത്തിൽ നിന്ന് ഉണ്ടാകുമെന്നും കൊല്ലത്തെ വിജയം ഉറപ്പാണെന്നും ഇടത് സ്ഥാനാർത്ഥി എ സമ്പത്ത് ആത്മവിശ്വാസത്തോടെ പറയുന്നു.

കൊല്ലത്ത് ബിജെപി വോട്ടുകൾ നിർണ്ണായകമാകും

കൊല്ലത്തെ പോളിംഗിൽ രണ്ട് ശതമാനത്തിന്‍റെ വർദ്ധനയേ ഉളളൂ. ഇവിടെയും യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ചവറ, കൊല്ലം എന്നീ നിയമസഭാ മണ്ഡലങ്ങളിലായിരുന്നു വൻ പോളിംഗ് രേഖപ്പെടുത്തിയത്. ബിജെപി കഴി‍ഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ചാത്തന്നൂർ, ഇടതിന് മേൽക്കൈയുള്ള ചടയമംഗലം, കുണ്ടറ എന്നീ സ്ഥലങ്ങളിൽ പോളിംഗ് കാര്യമായി ഉയർന്നില്ല. ബിജെപി കൂടുതൽ വോട്ടുകൾ പിടിക്കുമോ അതോ നഷ്ടപ്പെടുത്തമോ എന്നതും കൊല്ലത്തെ വിധി നിർണ്ണയത്തിൽ നിർണ്ണായകമാകും.

പത്തനംതിട്ടയിൽ സാമുദായിക സമവാക്യം നിർണ്ണായകം

ശക്തമായ ത്രികോണ മൽസരം നടന്ന പത്തനംതിട്ടയിലാണ് പോളിംഗ് ഏറ്റവും കൂടിയത്. 74 ശതമാനം ആണ് പത്തനംതിട്ടയിലെ പോളിംഗ്, കഴിഞ്ഞ തവണത്തേക്കാൾ എട്ട് ശതമാനത്തിന്‍റെ വർദ്ധനവ്. ഇവിടെ എല്ലാ മേഖലകളിലും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. ശബരിമല മാത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചാവിഷയമാക്കിയ ബിജെപി പത്തനംതിട്ടയിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. എന്നാൽ ശബരിമലകൊണ്ട് മാത്രം ഒരു ലക്ഷത്തിലധികം വോട്ടുകൾ അധികം വാങ്ങി ജയിച്ചുകയറാൻ ബിജെപിക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണണം.

ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങൾ എവിടേക്ക് തിരിഞ്ഞു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ മുന്നണികളും കണക്കുകൾ കൂട്ടുന്നത്. ത്രികോണ മൽസരത്തിൽ സ്വന്തം വോട്ടുകൾ ഭിന്നിക്കുമോ എന്നതാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളുടെയും മുന്നണികളുടേയും ആശങ്ക. വോട്ടിംഗ് യന്ത്രത്തിന്‍റെ പൂട്ടുകൾ തുറക്കുംവരെ പത്തനംതിട്ടയിലെ കൂട്ടിക്കിഴിക്കലുകൾ ഈ വിധം തുടരുക തന്നെ ചെയ്യും.

click me!