തരൂരിന്‍റെ പരാതി എഐസിസി കേട്ടു, തിരുവനന്തപുരത്ത് നാനാ പഠോലെ പ്രത്യേക നിരീക്ഷകൻ

By Web TeamFirst Published Apr 13, 2019, 2:42 PM IST
Highlights

നാഗ്‍പൂരിൽ പണ്ട് ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയി ഇപ്പോൾ നിതിൻ ഗഡ്‍കരിക്കെതിരെ മത്സരിക്കുന്ന നാനാ പഠോലെ ആണ് തിരുവനന്തപുരത്തെ പ്രത്യേക എഐസിസി നിരീക്ഷകൻ. 

തിരുവനന്തപുരം: ഒടുവിൽ ശശി തരൂരിന്‍റെ പരാതിയിൽ എഐസിസി നടപടി. തിരുവനന്തപുരത്ത് പ്രചാരണം സജീവമാക്കാൻ പാർട്ടി ഘടകം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് തിരുവനന്തപുരത്ത് എഐസിസി പ്രത്യേക നിരീക്ഷകനെ നിയോഗിച്ചു. നാഗ്‍പൂരിൽ പണ്ട് ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയി ഇപ്പോൾ നിതിൻ ഗഡ്‍കരിക്കെതിരെ മത്സരിക്കുന്ന നാനാ പഠോലെ ആണ് തിരുവനന്തപുരത്തെ പ്രത്യേക എഐസിസി നിരീക്ഷകൻ. 

മൂന്ന് മുന്നണികൾക്കുമിടയിൽ അഭിമാനപ്പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് എന്ത് വില കൊടുത്തും ശശി തരൂരിനെ മൂന്നാം വട്ടവും ജയിപ്പിക്കണമെന്ന് തന്നെയാണ് കോൺഗ്രസ് ഹൈക്കമാന്‍റിന്‍റെ കർശനനിർദേശം. വെള്ളിയാഴ്ച പാലായിൽ വച്ച് നടന്ന അനൗദ്യോഗിക യോഗത്തിലും ഈ നിർദേശം തന്നെയാണ് എ കെ ആന്‍റണി കെപിസിസിക്ക് നൽകിയത്. ഇതനുസരിച്ച് ഇന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രചാരണം നടത്താൻ തിരുവനന്തപുരത്തേക്ക് പോകുന്നുമുണ്ട്.

ജില്ലാ നേതൃത്വമല്ല, കെപിസിസിയിലെ ഉന്നതർ തന്നെയാണ് തിരുവനന്തപുരത്തെ പ്രചാരണപ്രവർ‍ത്തനങ്ങൾ ഊർജിതമാക്കാനുള്ള നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇതിനിടെയാണ് എഐസിസി നിരീക്ഷകനെ നിയോഗിക്കുന്നത്. ബിജെപിയിൽ നിന്ന് വന്ന നേതാവായതിനാൽ ആ ക്യാംപിലെ തന്ത്രങ്ങളെന്താകാം എന്ന് മുൻകൂട്ടി കണക്കിലെടുത്ത് മറുതന്ത്രം മെനയാനാണ് പട്ടോളെയെ ഇവിടെ ഇറക്കിയിരിക്കുന്നതും. 

കെപിസിസി പ്രസിഡന്‍റ് തന്നെ പ്രചാരണത്തിലുള്ള അതൃപ്തി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തരൂരിന്‍റെ പ്രചാരണയോഗത്തിൽ പങ്കെടുക്കാനിരിക്കെ തിരുവനന്തപുരത്തെ പ്രചാരണത്തെക്കുറിച്ച് തനിക്ക് പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി പറയുന്നു. ''അതുകൊണ്ടാണ് അവിടത്തെ പ്രചാരണത്തിലെ ന്യൂനതകൾ വിലയിരുത്താൻ അങ്ങോട്ട് പോകുന്നത്. കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം കൃത്യമായ നിർദേശങ്ങൾ ജില്ലാ നേതൃത്വത്തിന് നൽകും. പ്രശ്നങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു തരത്തിലും തിരുവനന്തപുരത്തെ സീറ്റ് വിട്ടുകൊടുക്കാൻ യുഡിഎഫിന് കഴിയില്ല'', മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും മറ്റും നിവൃത്തികെട്ട് പരസ്യപ്പെടുത്തിയ മെല്ലെപ്പോക്ക് പിന്നീട് കൂടുതൽ പ്രാദേശിക നേതാക്കൾ ശരിവയ്ക്കുകയും വാർത്തകൾ വരികയും ചെയ്തപ്പോഴാണ് കെപിസിസി നേതൃത്വം ഇടപെടുന്നത്. എഐസിസി അടക്കം വിഷയത്തിൽ വാളെടുത്ത്, ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. 

പ്രചാരണസമിതി ചുമതലയുള്ള വി എസ് ശിവകുമാര്‍, തമ്പാനൂർ രവി, ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനല്‍ അടക്കമുള്ള നേതാക്കള്‍ ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. പരാതി ഉയര്‍ന്നതോടെ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ പ്രശ്നത്തിലിടപെട്ടു. എഐസിസി നിരീക്ഷകരെ നിയോഗിച്ചു. ഇതോടെ മെല്ലെപ്പോക്ക് വിട്ട് നേതാക്കളും പ്രവർത്തകരും സജീവമായി. ഇതുവരെ നോട്ടീസ് വിതരണം പോലും നടക്കാത്ത മേഖലകളുണ്ട്. അവിടേക്ക് പ്രവർത്തകരെ അയച്ചു. സ്ക്വാഡ് പ്രവർത്തനവും സജീവമാക്കി.

കഴിഞ്ഞ തവണ തരൂർ പിന്നിലായ സെൻട്രൽ, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അവിടങ്ങളിലാണ് ഇപ്പോൾ തരൂർ സജീവപ്രചാരണം നടത്തുന്നതും. 

click me!