
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രത്യേക സുരക്ഷ തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം. മുൻ കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാൽ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കാൻ പൊലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധർവേസ് സാഹിബ് പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ പുൽവാമയിൽ കൊല്ലപ്പെട്ട സിഐഎസ്എഫ് ജവാൻ വസന്ത് കുമാറിന്‍റെ വീട് സന്ദർശിക്കാൻ സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിയ്ക്ക് അനുമതി നൽകിയിരുന്നില്ല. പക്ഷെ, സ്ഥാനാർത്ഥിയായി രാഹുൽ മണ്ഡലത്തിലെത്തുമ്പോള്‍ എല്ലാ ഭീഷണിയെയും മറികടക്കാനുള്ള പ്രത്യേക പദ്ധതി തന്നെ പൊലീസിന് തയ്യാറാക്കേണ്ടിവരും.രാഹുലിന് എസ്പിജി സുരക്ഷ നൽകുന്നുണ്ട്. അതിന് പുറമെയാണ് പൊലീസിന്‍റെ സുരക്ഷാ ക്രമീകരണം.
രാഹുലിന്‍റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങൾ, വോട്ടഭ്യർത്ഥിക്കാനെത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. ജില്ലാ എസ്പിക്ക് പുറമെ കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാഹുലിൻറെ പര്യടന വേളയിൽ നിയോഗിക്കേണ്ടി വരും.
പലപ്പോഴും സുരക്ഷാ വലയം ഭേദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്ന പതിവ് രാഹുലിനുണ്ട്. സ്ഥാനാർത്ഥിയാകുന്നതോടെ ഇത്തരം വോട്ടഭ്യർത്ഥനയുടെ ശൈലി പൊലീസിന് മുന്നിലെ വെല്ലുവിളിയാകും.