സീതാറാം യെച്ചൂരി മുതൽ സിനിമാതാരങ്ങൾ വരെ; താരത്തിളക്കവുമായി ക‌നയ്യ കുമാറിന്റെ പ്രചാരണറാലി

By Web TeamFirst Published Apr 22, 2019, 12:09 PM IST
Highlights

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ മുതിർന്ന നേതാക്കളായ ഡി രാജ, സുധാകർ റെഡ്ഡി, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവർ അടുത്ത കനയ്യ കുമാറിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനായി അടുത്ത ആഴ്ച ബിഹാറിലെത്തും.

പറ്റ്ന: മുതിർന്ന സിപിഎം നേതാക്കളടക്കം നിരവധി ചലച്ചിത്ര താരങ്ങളാണ് സിപിഐ ടിക്കറ്റിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ ബെഗുസരായിയിൽ എത്തുക. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന സിപിഐ നേതാക്കളായ ഡി രാജ, സുധാകർ റെഡ്ഡി, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവർ അടുത്ത കനയ്യ കുമാറിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനായി ആഴ്ച ബിഹാറിലെത്തും. പറ്റ്നയിൽ സിപിഐ പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രചാരണറാലിയിൽ പങ്കെടുക്കുന്നവരുടെ പട്ടിക പുറത്ത് വിട്ടത്. 

തിങ്കളാഴ്ച്ച നടക്കുന്ന റാലിയിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ചൊവ്വാഴ്ച സീതാറാം യെച്ചൂരി, സിപിഎം നേതാവ് സുധാകർ റെഡ്ഡി, ജാവേദ് അക്തർ തുടങ്ങിയവർ കനയ്യയുടെ റാലി അംഭിസംബോധന ചെയ്ത് സംസാരിക്കും. ഏപ്രില്‍ 23 മുതൽ 26 വരെ ബെഗുസരായിയിലെ വിവിധയിടങ്ങളിൽ വച്ച് നടക്കുന്ന പ്രചാരണപരിപാടികളിൽ ഡി രാജ പങ്കെടുക്കും. 
  
അതേസമയം, നടനും ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പ്രകാശ് രാജ് ശനിയാഴ്ച ബെ​ഗുസാരായിയിൽ എത്തി പ്രചാരണ റാലി അഭിസംബോധന ചെയ്ത് സംസാരിച്ചു. കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.

'ബെ​ഗുസാരായി കനയ്യ കുമാറിനൊപ്പമാണ്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോൾ ജനങ്ങളുടെ കണ്ണിലെ പ്രതീക്ഷ എനിക്ക് കാണാൻ സാധിച്ചു. മാറ്റത്തിന്റെ അലയടി. ശാക്തീകരണം എനിക്ക് അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു', പ്രകാശ് രാജ് ഫേസ്ബുക്കിൽ കുറിച്ചു. കനയ്യ കുമാറിന്റെ പ്രചാരണാർഥം തിങ്കളാഴ്ചവരെ പ്രകാശ് രാജ് ബിഹാറിൽ ഉണ്ടാകും.  
 
കഴിഞ്ഞ മാസം കനയ്യ കുമാറിന് വേണ്ടി നടി സ്വര ഭാസ്‌കർ പ്രചാരണത്തിനിറങ്ങിയിരുന്നു. കനയ്യ കുമാർ ബെഗുസരായി മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമായിരിക്കുമെന്ന് സ്വര ഭാസ്ക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കാൻ സാധ്യതയുള്ള ബെഗുസരായി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ​ഗിരിരാജ് സിം​ഗിനെതിരെയാണ് കനയ്യ മത്സരിക്കുന്നത്.  

click me!