അത്ഭുതപ്പെടുത്തി വയനാടും പത്തനംതിട്ടയും; തെക്കന്‍ ജില്ലകളിലും കനത്ത പോളിംഗ്

Published : Apr 23, 2019, 01:08 PM ISTUpdated : Apr 23, 2019, 01:52 PM IST
അത്ഭുതപ്പെടുത്തി വയനാടും പത്തനംതിട്ടയും; തെക്കന്‍ ജില്ലകളിലും കനത്ത പോളിംഗ്

Synopsis

വയനാട്ടില്‍ 20 വര്‍ഷത്തെ മികച്ച പോളിംഗ്. കഴിഞ്ഞ തവണ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് 37 ശതമാനം പോളിംഗ്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം ശക്തമായ പോളിംഗ്. സാധാരണ നല്ല രീതിയിലുള്ള പോളിംഗ് ഉണ്ടാവാറുള്ള വടക്കന്‍ ജില്ലകള്‍ക്കൊപ്പം ഇക്കുറി തെക്കന്‍ ജില്ലകളിലും നല്ല നിലയിലുള്ള പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ടയിലും വയനാട്ടിലും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ആദ്യമണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഇന്ന് 12.30 ഓടെ പോളിംഗ് 35 ശതമാനം കടന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗാണ് ഉച്ചവരെ വയനാട്ടില്‍ രേഖപ്പെടുത്തിയത്. 

കേരളത്തില്‍ എല്ലായിടത്തുമുള്ള തെരഞ്ഞെടുപ്പ് ആവേശം തെക്കന്‍ ജില്ലകളിലും കാണുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിലവിലെ ലക്ഷണങ്ങള്‍ വച്ച് റെക്കോര്‍ഡ് പോളിംഗിലേക്കാണ് കേരളം നീങ്ങുന്നത്. പതിവായി നല്ല പോളിംഗ് രേഖപ്പെടുത്തുന്ന മലബാറില്‍ ഇക്കുറി അത് കൂടിയപ്പോള്‍ പൊതുവേ വോട്ടിംഗില്‍ പിന്നോക്കം നില്‍ക്കുന്ന തെക്കന്‍ ജില്ലകളില്‍ അതേ ആവേശമാണ് കാണുന്നത്.വടക്കന്‍ ജില്ലകളിലേതിന് സമാനമായോ അതിലേറെയോ ആണ് തെക്കന്‍ ജില്ലകളിലേയും ആദ്യമണിക്കൂറുകളിലെ പോളിംഗ് നില. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ശരാശരി 71 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 61 ശതമാനമായിരുന്നു പത്തനംതിട്ടയിലെ പോളിംഗ് എന്നാല്‍ ഇക്കുറി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ 37 ശതമാനം പേരും പത്തനംതിട്ടയില്‍ വോട്ട് ചെയ്തു കഴിഞ്ഞു അതായത്. കഴിഞ്ഞ തവണ പോള്‍ ചെയ്തതിലും പകുതി വോട്ട് ആദ്യ അ‌്ട് മണിക്കൂറില്‍ തന്നെ രേഖപ്പെടുത്തി കഴിഞ്ഞു എന്നര്‍ത്ഥം. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ രേഖപ്പെടുത്തിയ ജില്ലയാണ് പത്തനംതിട്ട. തെക്കന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ആവേശത്തിന് ഇതിലും വലിയൊരു തെളിവ് വേണ്ടെന്ന് രാഷ്ട്രീയനിരീക്ഷഖകര്‍ വിലയിരുത്തുന്നു. 

സാധാരണ പോളിംഗ് കുറഞ്ഞു കാണാറുള്ള തിരുവനന്തപുരത്തും ഇക്കുറി നല്ല പോളിംഗാണ് രേഖപ്പെടുത്തിയത്. 37 ശതമാനം പോളിംഗ് ആണ് പന്ത്രണ്ടരയ്ക്ക് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയുടെ തീരദേശമേഖലകളില്‍ എല്ലാം കനത്ത പോളിംഗാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ സാധാരണഗതിയില്‍ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തുന്ന കൊല്ലത്ത് ഇക്കുറിയും അതേ ആവേശം പ്രകടമായിരുന്നു. ആറ്റിങ്ങല്ലിലും നല്ല രീതിയില്‍ പോളിംഗ് രേഖപ്പെടുത്തി. 

കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗ് നിരക്കാണ് ആദ്യഘട്ടത്തില്‍ വയനാട്ടില്‍ കാണുന്നത്. ഈ ആവേശം രാഹുല്‍ ഇഫക്ട് ആണോ അതോ ഇടതുപക്ഷത്തിന് നേട്ടമായി മാറുമോ എന്ന് വ്യക്തമല്ല. 12 മണിക്ക് മുമ്പ് തന്നെ പല ബൂത്തുകളിലും 40 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങളില്‍ വിചാരിച്ച രീതിയില്‍ പോളിംഗ് മുന്നോട്ട് പോകുന്നില്ല എന്നത് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് തലവേദനായാണ്.  എന്നാല്‍ പോളിംഗ് ബൂത്തില്‍ നീണ്ട ക്യൂ ഉണ്ടെന്നും പോളിംഗ് മന്ദനടപടികള്‍ മന്ദഗതിയിലായത് ആണ് ഇവിടെയും പ്രശ്നങ്ങള്‍ക്ക് കാരണമെന്നും യുഡിഎഫ് നേതൃത്വം വിശദീകരിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ മലപ്പുറം ഭാഗങ്ങളില്‍ പോളിംഗ് അല്‍പം മെല്ലെയാണ് വണ്ടൂരിലും നിലമ്പൂരിലും പതിവ് പോലെ പോളിംഗ് ഉയര്‍ന്നിട്ടില്ല. വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി തകരാറുള്ളതിനാല്‍ പോളിംഗ് സമയം നീളുമെന്നും അത് പൂര്‍ത്തിയായ ശേഷം യഥാര്‍ത്ഥ ചിത്രം തെളിയും എന്നുമാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ. 

ഉത്തരമലബാറിലെ ഇടതുപക്ഷ കേന്ദ്രങ്ങളിലും, നാദാപുരം,കുറ്റ്യാടി അടക്കമുള്ള മുസ്ലീം ന്യൂനപക്ഷ മേഖലകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ പലമേഖലകളിലും മുസ്ലീം സ്ത്രീകള്‍ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തിയത് യുഡിഎഫ് ക്യാംപുകളെ ആവേശത്തിലാക്കി. കല്ല്യാശ്ശേരി അടക്കമുള്ള ഇടത് കേന്ദ്രങ്ങളിലെ മികച്ച പോളിംഗ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.  വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും വടകരയിലെ കടുത്ത പോരാട്ടവും മലബാറിലെ മൊത്തം ജനങ്ങളേയും ആവേശത്തിലാഴ്ത്തി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കോഴിക്കോട്, മലപ്പുറം മണ്ഡലങ്ങളിലെ പോളിംഗ് മന്ദഗതിയിലായത് യുഡിഎഫ് ക്യാംപിനെ ആശങ്കയിലാഴ്ത്തുന്നുണ്ട് എന്നാല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണെന്നും വോട്ടിംഗ് മന്ദഗതിയിലാണ് എന്നതാണ് പ്രശ്നമെന്നും വിലയിരുത്തലുണ്ട്. 

മധ്യകേരളത്തിലും പതിവ് ആവേശം പോളിംഗ് ബൂത്തികളിലുണ്ട്. നീണ്ട ക്യൂവാണ് എല്ലാ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലും പകല്‍ ദൃശ്യമായത്. ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ രണ്ടര വരെയുള്ള സമയത്ത് പോളിംഗ് മന്ദഗതിയിലാവുമെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകരുടെ പൊതുവെയുള്ള വിലയിരുത്തല്‍ മൂന്ന് മണിക്ക് ശേഷമുള്ള മൂന്ന് മണിക്കൂറില്‍ ഇതേ രീതിയില്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തിയാല്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായിരിക്കും ഇക്കുറി കേരളത്തില്‍ രേഖപ്പെടുത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പോളിംഗ് നടപടികളിലെ മെല്ലപ്പോക്കും വോട്ടിംഗ് മെഷീനുകളിലെ തകരാറും കണക്കിലെടുത്ത് പോളിംഗ് നടപടികള്‍ ആറ് മണി കഴിഞ്ഞും നീളാനും സാധ്യതയുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?