
ദില്ലി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ ടോം വടക്കൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ കണ്ടു. ദില്ലിയിലായിരുന്നു കൂടിക്കാഴ്ച. ഒരു ഉപാധിയും ഇല്ലെതായാണ് ബിജെപിയിലേക്ക് വന്നതെന്നും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ടോം വടക്കൻ. അതേ സമയം പാര്‍ട്ടി പറഞ്ഞാൽ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ടോം വടക്കന്‍റെ നിലപാട്.
കേരളത്തിൽ നിന്ന് നൽകിയ സ്ഥാനാര്‍ത്ഥി പട്ടികയിൽ ടോം വടക്കന്‍റെ പേരില്ലെന്ന് നേരത്തെ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോൾ ടോം വടക്കൻ കോൺഗ്രസിലായിരുന്നു. അതിന് ശേഷമാണ് ദേശീയ നേതൃത്വം ഇടപെട്ട് ടോം വടക്കൻ ബിജെപി അംഗത്വമെടുത്തത്.
കേരളത്തിൽ സ്ഥാനാര്‍ത്ഥിയായി ടോം വടക്കൻ വന്നേക്കുമെന്ന വാര്‍ത്തകൾക്കിടെയാണ് പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്. മനോഹര്‍ പരീക്കറിന്‍റെ മരണത്തെ തുടര്‍ന്ന് നേതാക്കളെല്ലാം ഗോവയ്ക്ക് പോയതിനാൽ ഇന്ന് പകൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളൊന്നും നടക്കാനിടയില്ല. എന്നാൽ നിലവിലെ പട്ടികയിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന വിലയിരുത്താലാണ് പൊതുവെ ഉള്ളത്.