പെരുമാറ്റചട്ടലംഘനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും

By Web TeamFirst Published Apr 16, 2019, 6:03 AM IST
Highlights

ജാതിയുടെയും മതത്തിന്‍റെയും പേരിൽ വോട്ട് ചോദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 


ദില്ലി: പെരുമാറ്റ ചട്ടം ലംഘിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷന് എന്തൊക്കെ അധികാരം ഉപയോഗിക്കാനാകും എന്നത് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ വോട്ട് ചോദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 

ഇന്നലെ ഈ കേസ് പരിഗണിക്കവെ സ്വന്തം അധികാരങ്ങളെ കുറിച്ച് കമ്മീഷന് ബോധ്യമില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട്ദിവസത്തേക്കും പ്രചരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. 

ഇക്കാര്യങ്ങൾ ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉൾപ്പടെ ഇനിയും നിരവധി പരാതികൾ കമ്മീഷന്‍റെ പരിഗണനയിലുണ്ട്. പരിമിതമായ അധികാരങ്ങളേ ഉള്ളു എന്നായിരുന്നു കമ്മീഷന്‍റെ പ്രതികരണം. ചീഫ് ജസ്റ്റിസ് കോടതിയാണ് കേസ് പരിഗണിക്കുക. 
 

click me!