ഗുജറാത്ത് കലാപം; വാളോങ്ങിയ മോച്ചിയും കൈകൂപ്പിയ അന്‍സാരിയും ജയരാജന് വേണ്ടി വടകരയില്‍

By Web TeamFirst Published Apr 15, 2019, 11:16 PM IST
Highlights

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വേണ്ടി ഗുജറാത്ത് വംശഹത്യയുടെ മുഖങ്ങളായ അശോക് മോച്ചിയും കുത്തുബ്ദീന്‍ അന്‍സാരിയും പ്രചരണത്തിനിറങ്ങും. 

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വേണ്ടി ഗുജറാത്ത് വംശഹത്യയുടെ മുഖങ്ങളായ അശോക് മോച്ചിയും കുത്തുബ്ദീന്‍ അന്‍സാരിയും പ്രചരണത്തിനിറങ്ങും. വിഷുദിനത്തില്‍ ഇരുവരും കാണാനെത്തിയതായും ഇനിയുള്ള ദിവസങ്ങളിൽ  വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനമെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

ഗുജറാത്ത് കലപാത്തിന് 12 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ വംശഹത്യയുടെ വ്യാഴവട്ടം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഇരുവരെയും ഒന്നിച്ച് പങ്കെടുപ്പിച്ചിരുന്നു. അന്ന് ഇരുവരുമായി തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു. താന്‍  സ്ഥാനാർത്ഥിയായതറിഞ്ഞാണ് ഇരുവരും വീട്ടിലെത്തിയത്. അന്‍സാരിയും മോച്ചിയും തനിക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കേക്കും മുറിച്ചു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ജയരാജന്‍ കുറിച്ചു.

ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഞാൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ ഓടി വന്നതാണ് പ്രിയപ്പെട്ട കുത്തബ്ദീൻ അൻസാരിയും അശോക് മോച്ചിയും. ഗുജറാത്ത് വർഗ്ഗീയ കലാപത്തിൽ വാളുയർത്തിപ്പിടിച്ച മോച്ചിയുടെയും കൈകൂപ്പി നിന്ന അൻസാരിയുടെയും ചിത്രങ്ങൾ വർഷങ്ങൾക്ക് മുൻപ് നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞവയാണ്. ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്‍പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു. കലാപത്തിന്‍റെ ഇരയായ കുത്തബ്ദീൻ അൻസാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഐഎമ്മായിരുന്നു.

ഇരുവരുമായും എനിക്ക് വർഷങ്ങളായി ബന്ധമുണ്ട്. ഗുജാറാത്ത് കലാപത്തിന് 12 വർഷം പൂർത്തിയായ വേളയിൽ 2014 ൽ "വംശഹത്യയുടെ വ്യാഴവട്ടം" എന്ന പേരിൽ കണ്ണൂർ തളിപ്പറമ്പിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഇരുവരെയും ഒന്നിച്ചൊരു വേദിയിൽ കൊണ്ടുവന്നത് രാജ്യമാകെ ചർച്ച ചെയ്ത കാര്യമായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ്. അത് ഇപ്പോഴും തുടരുന്നു. വിശേഷ ദിവസങ്ങളിൽ ഇരുവരും ഇങ്ങോട്ടും ഞാൻ തിരിച്ചും ഫോണിൽ വിളിക്കാറുണ്ട്.

ഞാൻ സ്ഥാനാർത്ഥിയായതറിഞ്ഞാണ് ഇരുവരും ഇന്ന് വിഷുദിനത്തിൽ വീട്ടിൽ എന്നെ കാണാനെത്തിയത്. എനിക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള ഒരു കേക്കും അൻസാരിയും മോച്ചിയും കൂടി മുറിച്ചു.വീട്ടിൽ നിന്ന് വിഷു സദ്യയും കഴിച്ച് ഇരുവരും മടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ എനിക്ക് വേണ്ടി വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി....

 

click me!