ബിജുവിനെ ആക്രമിക്കുന്നവര്‍ക്ക് ജനം കരണത്ത് അടി തന്നിരിക്കും: സുരേഷ് ഗോപി

By Web TeamFirst Published Apr 20, 2019, 3:02 PM IST
Highlights

സഹോദരതുല്യനായ ഒരു കലാകാരന് എനിക്ക് വേണ്ടി സംസാരിക്കന്‍ പാടില്ല മറ്റുള്ളവര്‍ക്ക് ഉണ്ടാക്കി കൊടുക്കാം എന്നാണെങ്കില്‍ അതു കൈയില്‍ വച്ചാല്‍ മതി. എന്ത് വില കൊടുത്തും ഞാന്‍ ബിജുവിനെ സപ്പോര്‍ട്ട് ചെയ്തിരിക്കും. 

തൃശ്ശൂര്‍: തന്‍റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിജു മേനോന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് എന്‍ഡിഎയുടെ തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. മറ്റുള്ളവര്‍ക്ക് വേണ്ടി ആര്‍ക്കും വോട്ടു ചോദിക്കാം പറ്റില്ല എന്നാണ് പറയുന്നതെങ്കില്‍ അതൊക്കെ കൈയില്‍ വച്ചാല്‍ മതിയെന്നും എന്തു വില കൊടുത്തും ബിജു മേനോനെ സപ്പോര്‍ട്ട് ചെയ്യുമെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍... 

നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കെ പോയി വോട്ടു ചോദിച്ചു. അപ്പോഴൊന്നും ഒരു പ്രശ്നവുമില്ല. അതൊക്കെ കൈയില്‍ വച്ചാല്‍ മതി. ബിജു മേനോന്‍ എനിക്ക് വേണ്ടി വോട്ടു ചോദിച്ചിട്ടില്ല. എന്‍റെ അനിയനെപോലെയാണ് ബിജു. സിനിമയില്‍ ഞാന്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു നടനാണ് ബിജു. 

അയാള്‍ക്ക് നന്ദി കാണിക്കാന്‍ അനുവാദമില്ലാത്ത തരം വൃത്തികെട്ട  ജനാധിപത്യമാണെങ്കില്‍ അതു ശരിക്കും ചോദ്യം ചെയ്തിരിക്കും. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആള്‍ക്കാര്‍ നിങ്ങള്‍ക്ക് കരണത്ത് അടി തന്നിരിക്കും. ഇതൊക്കെ നേതാക്കന്‍മാരുടെയൊക്കെ പിന്തുണയോട് കൂടിയാണ് നടക്കുന്നത്. ഇത് വൃത്തിക്കേടാണ്. സഹോദരതുല്യനായ ഒരു കലാകാരന് എനിക്ക് വേണ്ടി സംസാരിക്കന്‍ പാടില്ല മറ്റുള്ളവര്‍ക്ക് ഉണ്ടാക്കി കൊടുക്കാം എന്നാണെങ്കില്‍ അതു കൈയില്‍ വച്ചാല്‍ മതി. എന്ത് വില കൊടുത്തും ഞാന്‍ ബിജുവിനെ സപ്പോര്‍ട്ട് ചെയ്തിരിക്കും. 

click me!