
ചങ്ങനാശ്ശേരി: തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഗ്രഹം വാങ്ങാനാണ് എൻഎസ്എസ് ആസ്ഥാനത്തെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി മുപ്പത്തഞ്ച് മിനിറ്റോളം സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.
സുകുമാരൻ നായരുടെ അനുഗ്രഹമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. അനുഗ്രഹം വാങ്ങാനെത്തുന്നത് തന്‍റെ കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സമദൂര നിലപാടാണെന്ന് നേരത്തെ എൻഎസ്എസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2015ൽ ഇറക്കി വിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'അങ്ങനെ എത്രയെത്ര എപ്പിസോഡുകൾ 'ജീവിതത്തിലുണ്ടാകാറുണ്ട്. അച്ഛനും അമ്മയുമില്ലാത്ത തനിക്ക് അനുഗ്രഹമാണ് ജി സുകുമാരൻ നായരെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തൊഴാൻ അഞ്ച് മിനിറ്റോളം കാത്ത് നിന്നെങ്കിലും അതിനുള്ള സമയമല്ലാത്തതിനാൽ അനുമതി കിട്ടാത്തതുകൊണ്ട് സുരേഷ് ഗോപി മടങ്ങി. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പി സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടയം എസ് ബി കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ് സുരേഷ് ഗോപി എത്തിയത്.