
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മത്സരിക്കാനെത്തും എന്ന കാര്യത്തിൽ ഇപ്പോഴും ശുഭാപ്തിവിശ്വാസമാണ് ഉള്ളതെന്ന് ടി സിദ്ദിഖ്. വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ തെക്കേ ഇന്ത്യയിലാകെ ശക്തമായ കോൺഗ്രസ് അനുകൂല തരംഗമുണ്ടാകുമെന്നും ടി സിദ്ദിഖ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. എന്നാൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറിയ തിരിച്ചടിയുണ്ടായെങ്കിലും വയനാട് കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി ചേർന്നുനിൽക്കുന്ന ലോക്സഭാ മണ്ഡലമാണ് വയനാട്. വടക്കേ ഇന്ത്യയിൽ നിന്നും തെക്കേ ഇന്ത്യയിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ മണ്ഡലം വയനാടാണ്. സിപിഎമ്മിനേയും ഇടതുപക്ഷത്തേയും ആശ്രയിച്ചല്ല രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നതെന്നും വയനാടിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ടി സിദ്ദിഖ് പറഞ്ഞു.
അതേസമയം കോൺഗ്രസിന്‍റെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടികയിലും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുമെന്ന പ്രതീക്ഷയിൽ വയനാട് മണ്ഡലത്തിലെ സ്വന്തം പ്രചാരണം ടി സിദ്ദിഖ് അവസാനിപ്പിച്ചിരുന്നു. എന്നാൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ ടി സിദ്ദിഖ് സജീവമാണ്. സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സംവിധാനം വയനാട്ടിൽ യുഡിഎഫിനുണ്ടെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.