'ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ല'; നിലപാടിലുറച്ച് ടിക്കാറാം മീണ

By Web TeamFirst Published Mar 12, 2019, 5:27 PM IST
Highlights

ആരാധനാലയങ്ങളെ രാഷ്ട്രീയ മൽസരത്തിൽ നിന്ന് ഒഴിവാക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാൻ കർശന പരിശോധന നടത്തുമെന്നും ഇതിനായി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയെന്നും ടിക്കാറാം മീണ.

തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിലപാടിലുറച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് ടിക്കാറാം മീണ ആവര്‍ത്തിച്ചു. ഇക്കാര്യം നാളത്തെ സർവകക്ഷി യോഗത്തിൽ വ്യക്തമാക്കുമെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദൈവങ്ങളെയും ആരാധനാലയങ്ങളെയും മുന്‍നിര്‍ത്തിയുളള പ്രചാരണം പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. ഇവ രാഷ്ട്രീയ മത്സരത്തിൽ നിന്ന് ഒഴിവാക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാൻ കർശന പരിശോധന നടത്തുമെന്നും ഇതിനായി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. 

"

ബിജെപിയും കോണ്‍ഗ്രസും വിമര്‍ശനം ശക്തമാക്കുമ്പോഴും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പിന്നോട്ടില്ല. പ്രചാരണ വിഷയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ശബരിമല ക്ഷേത്രത്തെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എല്ലാ ആരാധനായങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നുണ്ടോയെന്നറിയാന്‍ ജില്ലാ കളക്ടര്‍മാരും മൈക്രോ ഒബ്സര്‍വര്‍മാരും പരിശോധന നടത്തും. നാളെ ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കും.

Also Read: ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

click me!