ഫെഡറൽ മുന്നണിക്കായി കരുക്കൾ നീക്കി കെസിആർ; പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published May 6, 2019, 11:08 PM IST
Highlights

ഇക്കുറി തൂക്കുസഭ വരുമെന്നും അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചെറു പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നുമാണ് ചന്ദ്രശേഖര്‍ റാവുവിന്‍റെ കണക്കുകൂട്ടല്‍.

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായി കെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ എത്തിയാണ് കെസിആർ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായുള്ള ഫെഡറല്‍ മുന്നണി രൂപീകരണ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കെസിആര്‍ പിണറായിയുമായി ചര്‍ച്ച നടത്തിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ 18 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന കെസിആര്‍ ഇടതു പാര്‍ട്ടികളെയും ഫെഡറല്‍ ഫ്രണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. 

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കെസിആര്‍ ക്ലിഫ് ഹൗസിലെത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയക്ക് ശേഷം പുറത്തിറങ്ങിയ കെസിആര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മെയ് 13ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായും ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തുന്നുണ്ട്. എസ്‍പി നേതാവ് അഖിലേഷ് യാദവുമായും ബിഎസ്‍പി അധ്യക്ഷ മായാവതിയുമായും പിന്നീട് ചര്‍ച്ച നടത്തിയേക്കും. 

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും ഫെഡറല്‍ മുന്നണിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്  നേതാവ് മമത ബാനർജിയുമായും ബിജെഡി നേതാവ് നവീന്‍ പട്നായിക്കുമായും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കുറി തൂക്കുസഭ വരുമെന്നും അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചെറു പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്നുമാണ് ചന്ദ്രശേഖര്‍ റാവുവിന്‍റെ കണക്കുകൂട്ടല്‍. അതേസമയം ഫെഡറല്‍ മുന്നണിയെന്ന ആശയോത്തോടുളള നിലപാട് സിപിഎം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


 

click me!