കേരളത്തിലെ പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് കെസി വേണുഗോപാല്‍

Published : Apr 14, 2019, 10:34 AM IST
കേരളത്തിലെ പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് കെസി വേണുഗോപാല്‍

Synopsis

തിരുവനന്തപുരം കൂടാതെ പാലക്കാട് സീറ്റിലെ പാര്‍ട്ടി പ്രചാരണ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയായേക്കും എന്നാണ് സൂചന. 

തിരുവനന്തപുരം: കേരളത്തിലെ പ്രചാരണ പരിപാടികളില്‍ എഐസിസിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണം വിലയിരുത്താനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്. 

കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും നിരീക്ഷകരുണ്ടെന്നും തിരുവനന്തപുരത്ത് പ്രത്യേകമായി ഒരാളെ നിയോഗിക്കുക മാത്രമാണ് ചെയ്തതെന്നും വേണുഗോപാല്‍ വിശദീകരിച്ചു. തിരുവനന്തപുരത്തെ പ്രചാരണത്തില്‍ വീഴ്ച ഉണ്ടായെന്ന് ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടനാ പ്രശ്നങ്ങളൊന്നുമില്ല. തിരുവനന്തപുരം സീറ്റിന് കൂടുതല്‍ രാഷ്ട്രീയ പ്രധാന്യം എഐസിസി നല്‍കുന്നുവെന്ന് മാത്രം. 

പ്രചാരണം വിലയിരുത്താന്‍ ഇന്ന് സീനിയര്‍ നേതാക്കളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക അവലോകനയോഗം ചേരുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക്,  മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളുടേയും ചുമതലയുള്ള യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.

തിരുവനന്തപുരം കൂടാതെ പാലക്കാട് സീറ്റിലെ പാര്‍ട്ടി പ്രചാരണ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയായേക്കും എന്നാണ് സൂചന. ഇവിടെ ഡിസിസി പ്രസിഡ‍ന്‍റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തുകയാണെന്ന പരാതി എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എഐസിസിയേയും കെപിസിസിയേയും അറിയിച്ചിട്ടുണ്ട്. 

എഐസിസി അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട് സീറ്റിലെ പ്രചാരണവും യോഗം വിലയിരുത്തും. രാഹുലിനെ ശക്തമായി നേരിടാനുറച്ച ഇടതുപക്ഷം  പ്രചാരണം ശക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ സജീവമായി പ്രചാരണം നടത്തണമെന്ന വികാരം പ്രാദേശിക നേതൃത്വത്തിനുണ്ട്. കഴിഞ്ഞ രണ്ട് തവണയും വിജയിച്ചു എന്നു പറയുമ്പോഴും വയനാട് സീറ്റില്‍ ഭൂരിപക്ഷം കുറ‍ഞ്ഞു വരുന്നു എന്ന കാര്യം പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുണ്ട്. സ്ഥാനാര്‍ത്ഥിയെ മുഴുവന്‍ സമയവും മണ്ഡലത്തില്‍ കിട്ടില്ല എന്ന കാര്യം കൂടി കണക്കിലെടുത്ത്. ഇവിടെ സംസ്ഥാന  നേതാക്കളെ ഇറക്കി പ്രചാരണം ശക്തമാക്കാനാണ് നേതാക്കള്‍ ആലോചിക്കുന്നത്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?