
കോട്ടയം: കേരളാ കോൺഗ്രസിനകത്തെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പിജെ ജോസഫ് കോൺഗ്രസ് നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തുമ്പോൾ തര്‍ക്കത്തിൽ ഒരിഞ്ച് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ എം മാണി. പാര്‍ട്ടി കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തോമസ് ചാഴിക്കാടൻ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങി.
എൻഎസ്എസ് നേതൃത്വവുമായും ഡിസിസി ഭാരവാഹികളുമായും തോമസ് ചാഴിക്കാടൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് നഗരത്തിലുടനീളം വോട്ട് അഭ്യര്‍ത്ഥനയുമായി തോമസ് ചാഴിക്കാടന്‍റെ പോസ്റ്ററുകൾ സ്ഥാപിച്ചത്. ജില്ലയിലെ എല്ലാ കോൺഗ്രസ് നേതാക്കളെയും നേരിട്ട് കാണാനാണ് സ്ഥാനാര്‍ത്ഥിയുടെ പരിപാടി.
പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതാക്കളോ, യുഡിഎഫ് നേതൃത്വമോ സമീപിച്ചാൽ ചര്‍ച്ചക്ക് നേരെ കേരളാ കോൺഗ്രസ് മുഖം തിരിക്കാനിടയില്ല. പക്ഷേ സ്ഥാനാര്‍ത്ഥിത്വത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന സന്ദേശവും കെ എം മാണി വിഭാഗം തുടക്കത്തിലെ നൽകുന്നുണ്ട്.
കേരളാ കോൺഗ്രസിനകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന ആക്ഷേപം ആദ്യം മുതൽ കെ എം മാണിക്കും സംഘത്തിനുമുണ്ട്. പ്രശ്ന പരിഹാരം തേടി ജോസഫ്, ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളെ സമീപിച്ചത് പോലും ഈ ആക്ഷേപം ശരി വക്കുന്നതാണെന്നാണ് മാണി വിഭാഗം നേതാക്കളുടെ നിലപാട്.
കാര്യമെന്തായാലും സ്ഥാനാര്‍ത്ഥിയെ മാറ്റിയോ, പി ജെ ജോസഫിന് സീറ്റ് നൽകിയോ യാതൊരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതൃത്വം പാടുപെടുമെന്ന് ഉറപ്പാണ്.