മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി: നിയമസഭ വിളിക്കണമെന്ന് ഗവർണർക്ക് കത്ത്

By Web TeamFirst Published May 20, 2019, 2:04 PM IST
Highlights

കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കോൺഗ്രസ് എംഎൽമാർ പാർട്ടി വിടുമെന്നും ബിജെപി ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അട്ടിമറിനീക്കം തുടങ്ങിയിരിക്കുകയാണ് ബിജെപി. 

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. 

വൈകിട്ടോടെ ഗവർണറെ കാണാൻ ബിജെപി സമയം തേടിയിട്ടുമുണ്ട്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്. 

എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം. 

മധ്യപ്രദേശിൽ ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. ഇവിടെ കോൺഗ്രസിന് എസ്‍പിയുടെയും ബിഎസ്‍പിയുടെയും പിന്തുണയുമുണ്ട്.

ആകെ 231 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎൽഎമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. പ്രതിപക്ഷമായ എൻഡിഎ സഖ്യത്തിന് ഇവിടെ 109 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 113 സീറ്റുകൾ, ബിഎസ്‍പി 2, എസ്‍പി 1, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് ഭരണപക്ഷമായ കോൺഗ്രസിന്‍റെ പിന്തുണ. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!