
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് റീപോളിംഗ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 29ന് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം നടക്കുമ്പോള്‍ അതിനൊപ്പമായിരിക്കും റായ്ഗഞ്ചിലും റീപോളിംഗ് നടക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടിഫിക്കേഷന്‍ പ്രകാരം ദോലോഗച്ച്, പടഗോറ ബാലിക വിദ്യാലയ, ലോഹാ ഗച്ചി ബാസിപാടാ എന്നീ ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക. ഏപ്രില്‍ 18നാണ് റായ്ഗഞ്ചില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, പോളിംഗിനിടെ ഹിന്ദുക്കളെ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഗുണ്ടകള്‍ അനുവദിച്ചില്ലെന്ന് ടെെംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോഹാ ഗച്ചി ബാസിപാടാ ബൂത്തിലാണ് അങ്ങനെ ഒരു ആരോപണം ഉയര്‍ന്നത്. കൂടാതെ കള്ളവോട്ടും വ്യാപകമായി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. വോട്ട് ചെയ്യാത്ത തങ്ങളുടെ പേരില്‍ ആരോ വോട്ട് ചെയ്തതായി രണ്ട് പേര്‍ പോളിംഗ് ഓഫീസര്‍ക്ക് പരാതിയും നല്‍കി.
ഇതോടെ ബിജെപിയും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വീഡിയോ അടക്കം പരിശോധിച്ച ശേഷമാണ് റീ പോളിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചതെന്നും ടെെംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു.