ത്രിപുര: ബിപ്ലബ് ദേബ് സർക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് റിപ്പോർട്ട്

Published : Apr 06, 2019, 08:48 PM ISTUpdated : Apr 06, 2019, 09:08 PM IST
ത്രിപുര: ബിപ്ലബ് ദേബ് സർക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് റിപ്പോർട്ട്

Synopsis

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പഠന റിപ്പോർട്ടാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോർമ്സ് പുറത്തുവിട്ടിരിക്കുന്നത്

അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന്റെ കാൽനൂറ്റാണ്ട് കാലത്തെ തുടർഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ പ്രകടനം ശരാശരിക്ക് താഴെയെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോർമ്സ് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ പഠനം നടത്തിയാണ് 2018 ലെ അവലോകന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

കാർഷിക വായ്‌പാ ലഭ്യത, യുവാക്കൾക്ക് തൊഴിൽ, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന ഭരണം വളരെ മോശമാണെന്ന് റിപ്പോർട്ട് പറയുന്നു. റൂറൽ ത്രിപുരയിൽ കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. 

സിപിഎം നീണ്ട 25 വർഷം ഭരിച്ച സംസ്ഥാനത്ത് ബിജെപിയും ഐപിഎഫ്‌ടിയും ഒന്നിച്ച് നിന്നാണ് ഭരണം പിടിച്ചത്. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അക്രമങ്ങൾ കുറയ്ക്കുമെന്നുമായിരുന്നു മുന്നണിയുടെ വാഗ്ദാനം. എന്നാൽ ജനങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ഭരണ മികവ് പുലർത്താൻ സംസ്ഥാനത്ത് ബിപ്ലബ് ദേബ് സർക്കാരിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടു.

ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നേരിട്ട് ഇടപെടുന്ന പത്ത് വിഷയങ്ങളുയർത്തിയാണ് പഠനം നടത്തിയത്. സംസ്ഥാനത്തെ വോട്ടർമാരുടെ സ്വഭാവം പരിശോധിച്ചതിൽ നിന്നും 45 ശതമാനം പേരും രാഷ്ട്രീയ പാർട്ടിയാണ് പ്രധാന ഘടകം എന്ന് വ്യക്തമാക്കുന്നു. 21 ശതമാനം പേർ പണം, മദ്യം, സമ്മാനം എന്നിവയാണ് വോട്ടിന് ആധാരമായി കാണുന്നത്.

സംസ്ഥാനത്തെ 18 ശതമാനം പേർക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം എങ്ങിനെ കണ്ടെത്താമെന്ന് വ്യക്തമായ അറിവുണ്ട്. എന്നാൽ സംസ്ഥാനത്തെ 42 ശതമാനം പേരും ക്രിമിനൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് വോട്ട് ചെയ്യുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നവരാണ്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?