തൃശ്ശൂര്‍ സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ തന്നെയെന്ന് ധാരണ

By Web TeamFirst Published Mar 20, 2019, 4:51 PM IST
Highlights

തൃശ്ശൂരിൽ ബിഡിജെഎസ് പ്രസിഡന്‍റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കാൻ ധാരണ. വെള്ളാപ്പള്ളി നടേശന് തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് താൽപ്പര്യക്കുറവുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ദില്ലി: ബിജെപി ബിഡിജെഎസിന് ഇടുക്കി, തൃശ്ശൂർ, മാവേലിക്കര, വയനാട്, ആലത്തൂർ എന്നീ അഞ്ചു സീറ്റുകളാണ് വിട്ടുനൽകിയത്. ഇതിൽ തൃശ്ശൂരിൽ ബിഡിജെഎസ് പ്രസിഡന്‍റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കാൻ ധാരണ. തുഷാർ മത്സരിക്കുകയാണെങ്കിൽ മാത്രം തൃശ്ശൂർ സീറ്റ് വിട്ടുനൽകാം എന്നായിരുന്നു ബിജെപി മുന്നോട്ടുവച്ച ഉപാധി. ആദ്യം മത്സരിക്കാനില്ല എന്ന നിലപാട് എടുത്തിരുന്ന തുഷാർ വെള്ളാപ്പള്ളി ഒടുവിൽ തൃശ്ശൂരിൽ മത്സരിക്കാം എന്ന് സമ്മതിക്കുകയായിരുന്നു.

ബിജെപിക്ക് സാധ്യതയുള്ളതായി അവ‍ർ കണക്കുകൂട്ടുന്ന മണ്ഡലമായ തൃശ്ശൂർ സീറ്റിനുവേണ്ടി ബിജെപി നേതാക്കളാരും തുടക്കം മുതലേ അവകാശവാദം ഉന്നയിച്ചിരുന്നില്ല. തുഷാർ മത്സരിക്കുകയാണെങ്കിൽ തൃശ്ശൂർ നൽകാമെന്ന് നേരത്തേ തന്നെ ധാരണയുണ്ടായിരുന്നു. പക്ഷേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് താൽപ്പര്യക്കുറവുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. തുഷാർ മത്സരിച്ചാൽ ഫലം എന്താകുമെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസിലാകും എന്നാണ് വെള്ളാപ്പള്ളി നേരത്തേ പ്രതികരിച്ചത്.

അതേസമയം താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനമായിട്ടില്ലെന്നും മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപിയിലെ സ്ഥാനം രാജി വയ്ക്കേണ്ടിവന്നാൽ രാജിവയ്ക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി‍‍ഡിജെഎസ് എസ്എൻഡിപി യോഗത്തിന്‍റെ ബി ടീമല്ല. മത്സരിക്കാനുള്ള ആത്മവിശ്വാസത്തിൽ കുറവില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ തിരിച്ചെത്തി ബിഡിജെഎസ് നേതൃയോഗം ചേർന്നതിന് ശേഷം മറ്റന്നാൾ ബിഡിജെഎസിന് കിട്ടിയ അഞ്ച് സീറ്റുകളിൽ ആരെല്ലാമാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിക്കുമെന്നും തുഷാർ ദില്ലിയിൽ പറഞ്ഞു. തീരുമാനമായില്ലെന്ന് തുഷാർ പറയുന്നുണ്ടെങ്കിലും തൃശ്ശൂരിൽ തുഷാർ തന്നെ എന്ന് ബിജെപിയുമായി തത്വത്തിൽ ധാരണയായതിന് ശേഷമാണ് അദ്ദേഹം ദില്ലിയിൽ നിന്ന് മടങ്ങുന്നത്.

click me!