സ്ഥാനാര്‍ഥികള്‍ അതിശക്തര്‍; കൊല്ലത്തെ പോരാട്ടം ഒപ്പത്തിനൊപ്പം

By Web TeamFirst Published Apr 3, 2019, 7:45 AM IST
Highlights

 എന്ത് വിലകൊടുത്തും കൊല്ലം തിരിച്ച് പിടിക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. എംപി എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രന്‍റെ വിശ്വാസം

കൊല്ലം: ശക്തമായ മത്സരം നടക്കുന്ന കൊല്ലത്ത് പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ് ഇടത്-വലത് മുന്നണികള്‍. എന്ത് വിലകൊടുത്തും കൊല്ലം തിരിച്ച് പിടിക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. എംപി എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രന്‍റെ വിശ്വാസം.

സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പരിചിതനല്ലെന്ന ആരോപണങ്ങളെല്ലാം പരിഹരിച്ച് കഴിഞ്ഞെന്ന് എൻഡിഎ ക്യാമ്പും വ്യക്തമാക്കുന്നു. മൂന്നാം ഘട്ടപ്രചാരണത്തിന്‍റെ അവസാനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എൻ ബാലഗോപാല്‍. ജില്ലയുടെ കിഴക്കൻ മേഖലയുള്‍പ്പടെ എല്ലാ സ്ഥലങ്ങളിലും സ്ഥനാര്‍ത്ഥി പര്യടനം നടത്തിക്കഴിഞ്ഞു.

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ നിയമസഭാ മണ്ഡലങ്ങളെല്ലാം മുന്നണി പിടിച്ചെടുത്തത് ബാലഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു. ബൈപ്പാസ്, പാരിപ്പള്ളി മെഡിക്കല്‍കോളേജ്, റെയില്‍വേ ടെര്‍മിനല്‍ അങ്ങനെ വികസമങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രേമചന്ദ്രൻ വോട്ട് ചോദിക്കുന്നത്.

വളരെ മുൻപേ സ്ഥാനാര്‍‍ത്ഥിത്വം പ്രഖ്യാപിച്ചതിനാല്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ട് പോകാൻ പ്രേമചന്ദ്രനായി. എല്ലാം ഗ്രൂപ്പുകള്‍ക്കും പ്രിയങ്കരനായ പ്രേമചന്ദ്രന് വേണ്ടി കോണ്‍ഗ്രസും ഉഷറായി രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കൊല്ലത്ത് നിന്ന് ലഭിച്ച ഒരു ലക്ഷത്തി മുപ്പത്തിയേഴായിരം വോട്ട് ഇക്കുറി വര്‍ദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് അവര്‍ക്ക്.

ശബരിമലയുമായി ബന്ധപ്പെട്ട നിരവധി സമരങ്ങള്‍ നടന്ന കൊല്ലത്ത് ജയപരാജയങ്ങളെ നിര്‍ണ്ണയിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും എല്ലാം നിയമസഭാ മണ്ഡലങ്ങളും കൈയ്യിലുണ്ടെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം എ ബേബിക്ക് അടിതെറ്റിയത് എല്‍ഡിഎഫ് മറന്നിട്ടില്ല. ഇടതിന്‍റെ മണ്ഡലത്തിലെ ശക്തമായ സംഘടനാ സംവിധാനം വിധിമാറ്റി മറിക്കുമോ എന്ന ആശങ്ക യു‍ഡിഎഫ് ക്യാമ്പിലുണ്ട്.

click me!