പൊലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേട്: അസോസിയേഷന് പങ്കുണ്ടെന്ന് സൂചന, സമഗ്രാന്വേഷണമെന്ന് മീണ

By Web TeamFirst Published May 9, 2019, 10:51 AM IST
Highlights

അട്ടിമറിയിൽ പൊലീസ് അസോസിയേഷന് പങ്കെന്ന് സൂചന. അന്വേഷണം ഏത് രീതിയിൽ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാം എന്നും ടിക്കാറാം മീണ.

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് അട്ടിമറിയില്‍ സമഗ്രാന്വേഷണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം ഏത് രീതിയിൽ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാം എന്നും  ഡിജിപി നേരത്തെ നടപടിയെടുത്തില്ലെന്ന പരാതിയിൽ കഴമ്പിലെന്നും ടിക്കാറാം മീണ പ്രതികരിച്ചു. 

അതിനിടെ, പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസർ നൽകിയ നിർദ്ദേശത്തിൻമേൽ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സമഗ്ര അന്വേഷണത്തിനാണ് ടിക്കാറാം മീണ ഡിജിപിക്ക് നിർദ്ദേശം നല്‍കിയത്. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

പൊലീസുകാരിലെ പോസ്റ്റൽ വോട്ടിൽ കള്ളക്കളിയും അട്ടിമറിയും നടന്ന വാർത്ത സ്ഥിരീകരിച്ച ഡിജിപിയുടെ റിപ്പോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. വിശദമായ അന്വേഷണം നടത്തി 15നകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. വിഷയത്തില്‍ പൊലീസ് അസോസിയേഷന്‍റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകാനാണ് ടിക്കാറാം മീണയുടെ നിർദ്ദേശം. 

പൊലീസ് അസോസിയേഷന്‍റെ പങ്കിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പൊലീസിന്‍റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. 

പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.

പൊലീസിലെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത ശരിവെച്ചുള്ളതാണ് ഡിജിപിയുടെ റിപ്പോർട്ട്.  തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചിരുന്നു.

വാർത്ത ഇവിടെ:

Read Also: പൊലീസിലും കളളവോട്ട്; പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നത് ഇടത് അസോസിയേഷന്‍ നേതാക്കള്‍

പത്മനാഭസ്വാമിക്ഷേത്രത്തിൽ ഡ്യൂട്ടിയുള്ള പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഒരു സഹപ്രവർത്തകന്‍റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റു പേപ്പർ വരുത്താം. ഇത് മുതലെടുത്താണ് പൊലീസ് അസോസിയേഷൻ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെടും.

സംശയം വരാതിരിക്കാൻ എല്ലാ പോസ്റ്റൽ ബാലറ്റുകളും ഒരു വിലാസത്തിലേക്കല്ല, പകരം പല വിലാസങ്ങളിലേക്കാണ് അയപ്പിക്കുന്നത്. അന്വേഷണം ചെന്നെത്തിയത് വട്ടപ്പാറ പോസ്റ്റ് ഓഫീസിലാണ്. തൃശൂര്‍ ഐആർ ബറ്റാലിയനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ വിലാസത്തിൽ എത്തിയത് നാല് പോസ്റ്റൽ ബാലറ്റുകൾ. പോസ്റ്റ് മാസ്റ്റർ ഇത് സ്ഥിരീകരിച്ചു. ചോദിച്ചപ്പോള്‍ ബാലറ്റുകളെത്തിയത് പൊലീസുകാരനും സമ്മതിച്ചു.

ഇതുപോലെ, പല ഇടത് അനുകൂല പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി പോസ്റ്റൽ ബാലറ്റുകൾ ഇപ്പോൾ എത്തുകയാണ്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകൾ തട്ടാൻ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു. 

click me!