മോദിയുടെ കേദാര്‍നാഥ്‌ യാത്ര പെരുമാറ്റച്ചട്ടലംഘനമെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌

By Web TeamFirst Published May 19, 2019, 10:49 AM IST
Highlights

ഇത്തരം ഗുരുതരമായ ചട്ടലംഘനം നടന്നിട്ടും ഒന്നും കണ്ടില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഭാവിക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്നും ഡെറിക്‌ ഒബ്രിയാന്‍ പറഞ്ഞു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ്‌ സന്ദര്‍ശനം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ ആരോപിച്ചു. ഇത്‌ സംബന്ധിച്ച്‌ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പാര്‍ട്ടി പരാതിയും നല്‍കി.

കഴിഞ്ഞ രണ്ട്‌ ദിവസമായി രാജ്യമെമ്പാടുമുള്ള മാധ്യമങ്ങള്‍ മോദിയുടെ യാത്രയെക്കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ നല്‌കിക്കൊണ്ടിരിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിച്ചശേഷമായതിനാല്‍ ഇതെല്ലാം പെരുമാറ്റച്ചട്ടലംഘനമാണ്‌. തന്റെ കേദാര്‍നാഥ്‌ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച്‌ മോദി നേരത്തെ പ്രഖ്യാപനം നടത്തി. അവിടെയെത്തിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. ഇതെല്ലാം അസന്മാര്‍ഗികവും സദാചാരവിരുദ്ധവുമാണ്‌. തൃണമൂല്‍ നേതാവ്‌ ഡെറിക്‌ ഒബ്രിയാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


മോദിയുടെ യാത്രയെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും വിശദമായി പരസ്യപ്പെടുത്തിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ്‌ ശ്രമം നടന്നിരിക്കുന്നതെന്നും തൃണമൂല്‍ ആരോപിക്കുന്നു. ഇത്തരം ഗുരുതരമായ ചട്ടലംഘനം നടന്നിട്ടും ഒന്നും കണ്ടില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഭാവിക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്നും ഡെറിക്‌ ഒബ്രിയാന്‍ പറഞ്ഞു.

click me!