പാലക്കാട്ട് ഇടത് കോട്ട അട്ടിമറിച്ച് യുഡിഎഫ്; വികെ ശ്രീകണ്ഠന്‍ മുന്നേറ്റം തുടരുന്നു

By Web TeamFirst Published May 23, 2019, 10:17 AM IST
Highlights

ഉരുക്കു കോട്ടയെന്ന ഇടത് പ്രതീക്ഷ അട്ടിമറിച്ചാണ് പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം. വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബിജെപി മൂന്നാം സ്ഥാനത്താണ് . 

പാലക്കാട്: പാലക്കാട്ട് സിറ്റിംഗ് എംപി എംബി രാജേഷിന് അപ്രതീക്ഷിത തിരിച്ചടി. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠൻ മുന്നേറ്റം തുടരുകയാണ്. ഒന്നര മണിക്കൂര്‍ പിന്നിടുമ്പോൾ കാൽ ലക്ഷം വോട്ട് വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ഉയര്‍ത്തിയ നിലയിലാണ്. ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ എംബി രാജേഷിന് കഴിഞ്ഞില്ലെന്ന പ്രത്യേകതയും ഉണ്ട്, 

എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പാലക്കാടിനെ കണ്ടിരുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്കു കൂട്ടൽ തുടക്കത്തിലെ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി എസ് കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. പാലക്കാട് നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപി ഒന്നാമതെത്തിയത്. അവിടെ എംബി രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോയി.

കഴിഞ്ഞ തവണ മണ്ണാര്‍കാട്ട് മാത്രമാണ് യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്. 25 ശതമാനം വോട്ടെണ്ണി തീരുമ്പോൾ ഒറ്റപ്പാലത്തും മലമ്പുഴയിലും മാത്രമാണ് ഇടത് മുന്നണിക്ക് ഇത്തവണ ലീഡ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

വേണ്ടത്ര ഫണ്ട് കിട്ടിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധയുണ്ടായില്ലെന്നതും അടക്കം ആക്ഷേപങ്ങൾ യുഡിഎഫ് ക്യാമ്പിൽ നിന്ന് ഉയര്‍ന്നിരുന്നു. അത് വിവാദമാകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടക്കും വിധമാണ് പാലക്കാട്ടെ ആദ്യ ഫല സൂചന.

click me!