രാഹുലിന് മലപ്പുറത്തെ നിയോജക മണ്ഡലങ്ങളിൽ നിന്ന് മാത്രം ഒന്നര ലക്ഷത്തിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്

By Web TeamFirst Published Apr 8, 2019, 1:04 PM IST
Highlights

രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമ്പോൾ  മലപ്പുറത്തെ ഈ മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ലീഡ് നാലിരട്ടി വര്‍ധിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.
 

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് മലപ്പുറം ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങ‌ളാണ്. 

കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം ഐ ഷാവനാസിനെ വിജയിച്ചതും മലപ്പുറത്തെ ഈ മൂന്ന് നിയോജക മണ്ഡലങ്ങളിലെ വോട്ടുകളുടെ ബലത്തിലാണ്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലെ സ്ഥാനാർത്ഥിയായി എത്തുമ്പോൾ ചുരുങ്ങിയത് ഒന്നരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് മലപ്പുറത്തെ മണ്ഡലങ്ങളിൽ നിന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് വയനാട് ലോക്സഭാ മണ്ഡലം. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയായിരുന്നു വയനാട് ജില്ലയില്‍ ലീഡ് നേടിയത്. മാനന്തവാടിയിലും സുല്‍ത്താൻ ബത്തേരിയിലും മുന്നിലെത്തിയ എൽഡിഎഫിന് ജില്ലയില്‍ നിന്ന് ആകെ കിട്ടിയത് 15769 വോട്ടിന്‍റെ ലീഡായിരുന്നു. 

മലപ്പുറത്തെ മണ്ഡലങ്ങളായിരുന്നു അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം ഐ ഷാനവാസിന് കരുത്തായത്. മുസ്ലീം ലീഗ് ശക്തമായ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിൽ നിന്നായി എം.ഐ. ഷാനവാസ് നേടിയത് 34371 വോട്ടിന്‍റെ ലീഡാണ്. 

രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമ്പോൾ ഈ മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ലീഡ് നാലിരട്ടി വര്‍ധിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറത്ത് രാഹുലിന്‍റെ പ്രചാരണത്തിനായി പ്രത്യേക മേഖലാ കമ്മിറ്റി രൂപീകരിച്ചു. 

ഏറനാട് എംഎല്‍എയും ലീഗ് നേതാവുമായ പി കെ ബഷീറിനാണ് ഈ കമ്മിറ്റിയുടെ ചുമതല. മൂന്ന് മണ്ഡലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എഐസിസി നിരീക്ഷകരും എത്തിയിട്ടുണ്ട്.

click me!