വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ്; യുഡിഎഫില്‍ മൂന്നാം ഘട്ട സീറ്റ് ചർച്ച ഇന്ന്

By Web TeamFirst Published Mar 5, 2019, 6:50 AM IST
Highlights

രണ്ട് സീറ്റെന്ന നിലപാടിൽ കേരള കോൺഗ്രസും ഒരു സീറ്റ് മാത്രം എന്ന് കോൺഗ്രസും ആവർത്തിച്ചതോടെയാണ് മൂന്നാം ഘട്ട ചർച്ചയിലേക്ക് കടക്കുന്നത്. പാർട്ടിയിൽ ഭിന്നത ഉണ്ടാകുമെന്ന കേരള കോൺഗ്രസ്‌ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയിട്ടില്ല. 

കൊച്ചി: കോൺഗ്രസ്-കേരള കോൺഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷി ചർച്ച ഇന്ന് വൈകീട്ട് കൊച്ചിയിൽ നടക്കും. രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും കോൺഗ്രസ് വിട്ടുവീഴ്ചക്കില്ലെന്നാണ് സൂചന.

സീറ്റ് വീതം വെയ്പ്പിനായി കഴിഞ്ഞ ഒരാഴ്ചക്കിടെ കോൺഗ്രസ്-കേരള കോൺഗ്രസ് യോഗം രണ്ട് തവണ ചേർന്നെങ്കിലും തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. രണ്ട് സീറ്റെന്ന നിലപാടിൽ കേരള കോൺഗ്രസും ഒരു സീറ്റ് മാത്രം എന്ന് കോൺഗ്രസും ആവർത്തിച്ചതോടെയാണ് മൂന്നാം ഘട്ട ചർച്ചയിലേക്ക് കടക്കുന്നത്. രണ്ട് സീറ്റ്‌ കിട്ടിയില്ലെങ്കിൽ പാർട്ടിയിൽ ഭിന്നത ഉണ്ടാകുമെന്ന കേരള കോൺഗ്രസ്‌ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയിട്ടില്ല. ഒരു സീറ്റ് മാത്രമേ കിട്ടൂ എന്ന ബോധ്യമുണ്ടെങ്കിലും ജോസഫ് മാണി തർക്കം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

മാണി വിഭാഗം ജോസഫിനെ അനുനയിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങൾ തുടരുന്നുണ്ട്. ഇതിനിടെ ജോസഫ് വിഭാഗം നിലപാടിൽ അയവ് വരുത്തുമെന്നാണ് മാണി വിഭാഗം പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന ഒറ്റ സീറ്റിലെ സ്ഥാനാർഥി നിർണായ കാര്യത്തിൽ ഒത്തു തീർപ്പ് ഫോർമുലയും കോൺഗ്രസ്‌ പരിഗണിക്കുന്നുണ്ട്. ജോസഫിന് കൂടി സ്വീകാര്യനായ സ്ഥാനാർഥിയെ കെ എം മാണി നിര്‍ദ്ദേശിച്ചാൽ പ്രശ്നം തീര്‍ക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ഇരു വിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നാണ് കോണ്ഗ്രസ് നിലപാട്. എന്നാല്‍ ഈ വിഷയത്തോട് മാണിയും ജോസഫും പ്രതികരിച്ചിട്ടില്ല. ഉഭയകക്ഷി ചർച്ചക്ക് ശേഷം പാർട്ടിയുടെ നേതൃയോഗം ചേരാനാണ് മാണി വിഭാഗത്തിന്‍റെ തീരുമാനം. കേരള കോൺഗ്രസിന് രണ്ട് സീറ്റ് നൽകിയാൽ മുസ്ലീം ലീഗിന് മൂന്ന് സീറ്റ് നൽകേണ്ടി വരുമോ എന്ന ആശങ്ക കോൺഗ്രസിനുമുണ്ട്.

click me!