യു‍ഡിഎഫിന് തലവേദനയായി വിമതനും അപരനും; മഞ്ചേശ്വരത്ത് പോരാട്ടം കടുക്കും

By Web TeamFirst Published Oct 2, 2019, 9:44 AM IST
Highlights

കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ ബന്ധുക്കളായ 2 പേർ ഖത്തറിൽ തന്റെ മകൻ ഇർഷാദിനൊപ്പം ബിസിനസ് പങ്കാളികളായി ചേർന്ന്, മകൻ നാട്ടിലെത്തിയ സമയത്ത് പണം തട്ടിയെന്നാണ് വിമതന്റെ ആരോപണം. എംസി കമറുദ്ദീന്റെ അപരനായി കമറുദ്ദീൻ എംസി

മഞ്ചേശ്വരം: പത്രികാസൂക്ഷ്മ പരിശോധനയും പൂർത്തിയായിരിക്കെ മഞ്ചേശ്വരത്ത് മുസ്ലീം ലീഗിന് തലവേദനയായിയിരിക്കുകയാണ് വിമത സ്ഥാനാർത്ഥിയും അപരനും. മുസ്ലിംലീഗ് പ്രവർത്തകൻ കൂടിയായ കണ്ണൂർ അബ്ദുള്ളയെന്ന കെഎം അബ്ദുള്ളയാണ്, നേതാക്കളുടെ ബന്ധുക്കൾ സാമ്പത്തിക ഇടപാടിൽ വഞ്ചിച്ചുവെന്ന പേരിൽ മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. ഓരോ വോട്ടും നിർണായകമായ മണ്ഡലത്തിൽ കമറുദ്ദീൻ എംസി എന്ന പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീന് ഒരു അപരനും മത്സരരംഗത്തുണ്ട്.

കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ ബന്ധുക്കളായ 2 പേർ ഖത്തറിൽ തന്റെ മകൻ ഇർഷാദിനൊപ്പം ബിസിനസ് പങ്കാളികളായി ചേർന്ന്, മകൻ നാട്ടിലെത്തിയ സമയത്ത് പണം തട്ടിയെന്നാണ് കണ്ണൂർ അബ്ദുള്ളയുടെ ആരോപണം. 2013 മുതൽ നിരന്തരം നേതാക്കളുമായി ബന്ധപ്പെട്ടിട്ടും പണം തിരികെ കിട്ടിയില്ല. 1.18 കോടി രൂപ നഷ്ടമായി. നേതാക്കളിടപെട്ട്  ഇത് തിരികെ വേണം. ഈ സമ്മർദതന്ത്രമാണ്  മുസ്ലിം ലീഗിന് നിർണായകമായ സീറ്റിൽ എതിരാളിയായി മത്സരിക്കുന്നതിലൂടെ അബ്ദുള്ള പ്രയോഗിക്കുന്നത്.

എന്നാൽ പാർട്ടി ഇടപെട്ട് പ്രശ്നം തീർത്താൽ പത്രിക പിൻവലിക്കാൻ കണ്ണൂർ അബ്ദുള്ള തയ്യാറാണ്.  പണം കിട്ടിയാൽ പത്രിക പിൻവലിക്കും.  പത്രിക പിൻവലിക്കുന്ന സമയപരിധി തീർന്നിട്ടും പണം കിട്ടിയില്ലെങ്കിൽ പ്രചാരണത്തിനിറങ്ങുമെന്നും അബ്ദുള്ള പറയുന്നു. ജയിക്കാനായില്ലെങ്കിലും സ്ഥാനാർത്ഥികളുടെ ജയം നിർണയിക്കുന്നതിൽ തന്റെ വോട്ടിന് പങ്കുണ്ടാകുമെന്നും കണ്ണൂർ അബ്ദുള്ള പറയുന്നു. പതിനായിരത്തോളം വോട്ടുകൾ കിട്ടുമെന്നാണ് അബ്ദുള്ളയുടെ പ്രതീക്ഷ. എന്നാൽ നേതാക്കളിടപെട്ട് അബ്ദുള്ളയുമായി അനുനയ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. 

വിമത സ്ഥാനാർത്ഥിക്ക് പുറമെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വെല്ലുവിളി ഉയർത്തി അപരനും ഉണ്ട് മഞ്ചേശ്വരത്ത്. കോണ്ടോട്ടി സ്വദേശിയായ കമറുദ്ദീൻ എംസിയാണ് ലീഗ് സ്ഥാനാർത്ഥി എംസി കമറുദ്ദീന് വെല്ലുവിളിയായുള്ള അപരൻ. മണ്ഡലത്തിലെ ഏക അപരനും ഇയാൾ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെന്നിരിക്കെ അബ്ദുള്ള പിൻവലിച്ചാലും അപരന്റെ സാന്നിധ്യം എംസി കമറുദ്ദീന് വെല്ലുവിളിയാകും. മറ്റൊരു വിമത സ്ഥാനാർത്ഥിയായി ലീഗിന്റെ പാർട്ടി ചിഹ്നത്തിൽ പത്രിക നൽകിയ പ്രാദേശിക നേതാവ് എകെഎം നൗഷാദിന്റെ പത്രിക മതിയായ രേഖകളില്ലാത്തതിനാൽ തള്ളിയിരുന്നു. 5 പേരുടെ പത്രിക തള്ളിയതോടെ നിലവിൽ മഞ്ചേശ്വരത്ത് 8 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 

click me!