തമ്മിലടിയും സ്ഥാനാര്‍ത്ഥി തര്‍ക്കവും വിനയായി; മേൽക്കൈ പോയ ആശങ്കയിൽ യുഡിഎഫ്

By Web TeamFirst Published Mar 17, 2019, 6:43 PM IST
Highlights

 ട്വൻ്റി ട്വൻറി സീറ്റുകൾ കിട്ടുമെന്നായിരുന്നു തെരഞ്ഞെടുപ്പ് തിയ്യതിവരും മുമ്പെ കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനം. എന്നാൽ വോട്ടെടുപ്പിന് 36 ദിവസം മാത്രം ശേഷിക്കെ യുഡിഎഫ് ക്യാമ്പിൽ സ്ഥിതി ഒട്ടും ആശാവഹമല്ല. 

തിരുവനന്തപുരം: സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള തീരാത്ത തർക്കം സംസ്ഥാനത്ത് മികച്ച ജയം പ്രതീക്ഷിച്ച യുഡിഎഫിനെ കടുത്ത ആശങ്കയിലാക്കുന്നു. ശബരിമല, മോദിവിരുദ്ധവികാരം, പിണറായി സർക്കാറിനെതിരായ പ്രതിഷേധം. എല്ലാം കൊണ്ടും ട്വൻ്റി ട്വൻറി സീറ്റുകൾ കിട്ടുമെന്നായിരുന്നു തെരഞ്ഞെടുപ്പ് തിയ്യതിവരും  മുമ്പെ കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനം. എന്നാൽ വോട്ടെടുപ്പിന് 36 ദിവസം മാത്രം ശേഷിക്കെ യുഡിഎഫ് ക്യാമ്പിൽ സ്ഥിതി ഒട്ടും ആശാവഹമല്ല. 

പൊതുരാഷ്ട്രീയസ്ഥിതി തിരിച്ചടിക്കുമോ എന്ന ആശങ്കയിൽ എൽഡിഎഫ് കരുത്തരെ ഇറക്കി നേരത്തെ തന്നെ കളം പിടിച്ചു. പ്രചാരണം ഒരു റൗണ്ടും പിന്നിട്ടു.  ഉമ്മൻചാണ്ടി മുല്ലപ്പള്ളി കെസി വേണുഗോപാൽ, സുധീരൻ അടക്കമുള്ള പ്രമുഖർ നിർണ്ണായക തെരഞ്ഞെടുപ്പിനില്ലെന്ന് പ്രഖ്യാപിച്ചതായിരുന്നു യുഡിഎഫ് ക്യാമ്പ് നേരിട്ട ആദ്യ തിരിച്ചടി. ഉറച്ച ജയപ്രതീക്ഷയുള്ള വയനാട് പോലുള്ള സീറ്റുകളിൽ തീരാത്ത ഗ്രൂപ്പ് പോര് അവസാന നിമിഷവും തുടരുകയും ആണ്. 

കോൺഗ്രസ്സിൽ മാത്രമല്ല പ്രശ്നം. എസ് ‍‍ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് ആകെ വെട്ടിലായി, മുറിവേറ്റ ജോസഫിന്‍റെ മനസിലിരുപ്പിൽ കോട്ടയത്ത് എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് കെഎം മാണി. 

Read More: ആറ്റിങ്ങലിൽ അടൂര്‍ പ്രകാശ് ഉറപ്പിച്ചു;വയനാട്ടിൽ വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പുകൾ, ഉമ്മൻചാണ്ടി ദില്ലിക്ക്

ടോം വടക്കന്‍റെ പോക്കും കെവിതോമസിന്‍റെ ആദ്യത്തെ ചാഞ്ചാട്ടവും ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്ന ഇടത് പ്രചാരണത്തിനും ബലമേകുന്നതാണ്. അതേ സമയം പതിവ് തർക്കത്തെക്കാൾ കുറവാണ് നിലവിലെ പ്രശ്നങ്ങളെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം. തർക്കമുള്ള വയനാട് വടകര ആലപ്പുഴ മണ്ഡലങ്ങളിൽ കൂടി വേഗം സ്ഥാനാർത്ഥികളെ ഇറക്കി ഇടതിനെ മറികടക്കാമെന്നാണ് നേതൃത്വം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്

Read More: 'മല എലിയെ പ്രസവിച്ചതു പോലെ'; കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ട്രോളി എം വി ജയരാജന്‍

click me!