
സഹാരൻപൂർ: ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി-ആർഎൽഡി സഖ്യത്തിന് വൻ തിരിച്ചടി. സംസ്ഥാനത്തെ പടിഞ്ഞാറൻ മേഖലകളിൽ സ്വാധീനമുള്ള ദളിത് സംഘടനയായ ഭീം ആർമി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹാരൻപൂർ ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ മസൂദിന് വോട്ട് രേഖപ്പെടുത്തുമെന്ന് ഭീം ആർമി ആഹ്വാനം ചെയ്തു. ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ നടപടി.
കഴിഞ്ഞദിവസം ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് ‘ബിജെപി ഏജന്റ്’ ആണെന്നും അദ്ദേഹം ദളിത് വോട്ടുകൾ ഭിന്നിപ്പിച്ചുവെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേയാണ് ഭീം ആർമിയുടെ പ്രതിഷേധം. ആരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് ഭീം ആദ്മിയെ പിന്തുണച്ച ആളാണ് മസൂദ്. കോൺഗ്രസ് പ്രതിനിധിയാണെങ്കിലും വോട്ട് ചെയ്യുന്നത് കോൺഗ്രസിനല്ലെന്നും മസൂദിനാണെന്നും പാർട്ടി നേതാവ് രോഹിത് രാജ് ഗൗതം പറഞ്ഞു. സഹാരന്‍പൂർ ജാതിസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രോഹിത്തിന്റെ പരാമർശം.