
മുംബൈ: ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബോളിവുഡ് നടിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമിള മതോണ്ഡ്കറിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾ അഭിനന്ദൻ വർധമാന്റെ ചിത്രം ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കവെയാണ് ഊർമിളയുടെ ചട്ടലംഘന നടപടി.
മുംബൈ നേർത്തിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഊർമിള. താരം പങ്കെടുത്ത വാഹനപ്രചരണജാഥയിലാണ് അഭിനന്ദന്റെ ചിത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. അഭിനന്റെ ചിത്രങ്ങൾ ഉപോയഗിച്ച് പ്രചാരണം നടത്തിയതിന്റെ ദൃശ്യങ്ങൾ താരം തന്നെയാണ് തന്റെ ട്വിറ്ററിൽ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. തലച്ചോറില്ലാത്ത പാർട്ടി പിന്നെയും അഭിനന്ദന്റെ ചിത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നുവെന്ന് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ മാസം, സൈനിക വേഷത്തില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത ദില്ലി ബിജെപി എംപി മനോജ് തിവാരിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തിവാരി സൈനിക വേഷത്തില്‍ റാലിക്കെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ദില്ലിയിൽവച്ച് നടക്കുന്ന ബിജെപിയുടെ വിജയ് സങ്കൽപ് ബൈക്ക് റാലി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.