മറ്റ് മണ്ഡലങ്ങളിലെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനാലാണ് രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തത്: വിഎം സുധീരൻ

By Web TeamFirst Published Mar 23, 2019, 3:42 PM IST
Highlights

കേരളത്തിലെ ജനങ്ങളുടെ അഭ്യ‍ർത്ഥന രാഹുൽ ഗാന്ധി കേൾക്കണമെന്നും അദ്ദേഹം അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും വി എം സുധീരൻ

കൊച്ചി: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്നുള്ളത് നേരത്തെ മുതൽ ഉയ‍ർന്നുവന്ന ആവശ്യമാണെന്ന് വി എം സുധീരൻ.  മറ്റ് മണ്ഡലങ്ങളിലെല്ലാം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതിനാലാണ് രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തത്. കേരളത്തിലെ ജനങ്ങളുടെ അഭ്യ‍ർത്ഥന രാഹുൽ ഗാന്ധി കേൾക്കണമെന്നും അദ്ദേഹം അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ പറഞ്ഞു. രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് പ്രയോജനകരമാവും.

കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുലിന് സോണിയ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ  ഇപ്പോൾ ഹൈക്കമാൻഡിലും തിരക്കിട്ട ആലോചനകൾ നടക്കുന്നതായാണ് വിവരം. കേരളത്തിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് വെളിപ്പെടുത്തിയത്. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ പ്രചാരണം തുടങ്ങിയ ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിച്ച്, രാഹുൽ ഗാന്ധിയുടെ പ്രചാരണ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. രാഹുൽ വരുന്നതോടെ കേരളം യുഡിഎഫ്  തൂത്തുവാരുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി നേതൃത്വവുമായും കേരളത്തിലെ മുസ്ലീം ലീഗ് നേതൃത്വവുമായും എ കെ ആന്‍റണിയും കെ സി വേണുഗോപാലും രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയവിനിമയം നടത്തി. 

click me!