തനിക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കിലും മുസ്ലീങ്ങളെ സഹായിക്കുമെന്ന്‌ വരുണ്‍ ഗാന്ധി

By Web TeamFirst Published Apr 21, 2019, 10:42 PM IST
Highlights

തനിക്ക്‌ വോട്ട്‌ ചെയ്യാത്തപക്ഷം മുസ്ലീങ്ങളെ സഹായിക്കാന്‍ താന്‍ തയ്യാറാവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മനേകാഗാന്ധി നിലപാടെടുത്തത്‌.
 

ദില്ലി: കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്ക്‌ കടകവിരുദ്ധമായ പ്രസ്‌താവനയുമായി പ്രചാരണവേദിയില്‍ മകന്‍ വരുണ്‍ ഗാന്ധി. തനിക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കിലും മുസ്ലീം ജനതയ്‌ക്ക്‌ വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ വരുണ്‍ ഗാന്ധി പറഞ്ഞത്‌. തനിക്ക്‌ വോട്ട്‌ ചെയ്യാത്തപക്ഷം മുസ്ലീങ്ങളെ സഹായിക്കാന്‍ താന്‍ തയ്യാറാവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മനേകാഗാന്ധി നിലപാടെടുത്തത്‌.

ഞാന്‍ മുസ്ലീം സഹോദരന്മാരോട്‌ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്‌. നിങ്ങളെനിക്ക്‌ വോട്ട്‌ ചെയ്‌താല്‍, അതെനിക്ക്‌ വളരെയധികം ഇഷ്ടപ്പെടും. ഇനി നിങ്ങളെനിക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കിലും ഞാന്‍ നിങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കും. മറ്റൊന്നും ഞാന്‍ കാര്യമാക്കില്ല. പിലിഭിത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വരുണ്‍ ഗാന്ധി പറഞ്ഞു.

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ്‌ റാലിയിലായിരുന്നു മനേകാ ഗാന്ധിയുടെ വിവാദമായ പ്രസ്‌താവന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എന്തായാലും വിജയിക്കും. തനിക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കില്‍ മുസ്ലീങ്ങള്‍ക്ക്‌ ഒരു സഹായവും ചെയ്യില്ലെന്നും മനേകാ പറഞ്ഞു. മുസ്ലീങ്ങളെ മനേക ഭീഷണിപ്പെടുത്തുന്നു എന്ന പേരില്‍ പ്രസംഗത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്‌തിരുന്നു.

click me!