ആലപ്പുഴയിൽ പ്രമാണിയാകാൻ വന്ന കെ സി വേണുഗോപാൽ പ്രാണിയെപ്പോലെ പറന്നു: വെള്ളാപ്പള്ളി

Published : Mar 20, 2019, 02:55 PM ISTUpdated : Mar 20, 2019, 02:57 PM IST
ആലപ്പുഴയിൽ പ്രമാണിയാകാൻ വന്ന കെ സി വേണുഗോപാൽ പ്രാണിയെപ്പോലെ പറന്നു: വെള്ളാപ്പള്ളി

Synopsis

ആലപ്പുഴ മണ്ഡലത്തിൽ എ എം ആരിഫിനാണ് സാധ്യത. പക്ഷേ ആലപ്പുഴയിൽ നിന്ന് ആരിഫിനെ പേടിച്ച് കെ സി വേണുഗോപാലിന് ഓടിപ്പോകേണ്ടിവന്നു. ഷാനിമോൾ ഉസ്മാന് കോൺഗ്രസ് തോൽക്കുന്ന സീറ്റ് കൊടുത്ത് ചതിച്ചുവെന്നും വെള്ളാപ്പള്ളി.

ആലപ്പുഴ: കെ സി വേണുഗോപാൽ ആലപ്പുഴയിൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാൽ തോൽക്കുമെന്ന് ഭയന്ന് ഓടിപ്പോവുകയായിരുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ ആരിഫാണ് മത്സരിക്കുന്നതെങ്കിൽ താൻ മത്സരിക്കില്ലെന്ന് നേരത്തേ തന്നെ കെ സി വേണുഗോപാൽ പലരോടും പറഞ്ഞിട്ടുണ്ടായിരുന്നു. ആലപ്പുഴയിലെ ഒരു സീനിയർ മാധ്യമപ്രവർത്തകനോട് വേണുഗോപാൽ ഇത് പറഞ്ഞത് തനിക്ക് നേരത്തേ തന്നെ ചോർന്നുകിട്ടിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ മണ്ഡലത്തിൽ എ എം ആരിഫിനാണ് സാധ്യത. ആരിഫ് കൊള്ളാവുന്ന സ്ഥാനാർത്ഥിയാണ്. ഷാനിമോൾ ഉസ്മാന് കോൺഗ്രസ് തോൽക്കുന്ന സീറ്റ് കൊടുത്ത് ചതിക്കുകയായിരുന്നു. കെ സി വേണുഗോപാൽ മത്സരിച്ചാലും ആരിഫിനോട്  തോൽക്കുമായിരുന്നു. പക്ഷേ ഒരു മത്സരം നടക്കുമായിരുന്നു. കെ സി വേണുഗോപാൽ കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതാവൊക്കെ ആയി, പക്ഷേ ആലപ്പുഴയിൽ നിന്ന് ആത്മഭീതി കാരണം വേണുഗോപാലിന് ഓടിപ്പോകേണ്ടിവന്നു.

വി എം സുധീരനും കെ സി വേണുഗോപാലും ആലപ്പുഴയിലെ ഒരു മുൻ -ഡിസിസി പ്രസിഡ‍ന്‍റും കൂടി 20 കൊല്ലമായി തന്നെ തകർക്കാൻ നടക്കുകയാണ്. പക്ഷേ ദൈവം തന്‍റെ കൂടെയാണ്. ഈ മൂന്നുപേരും ഇന്നെവിടെ കിടക്കുന്നു? വി എം സുധീരൻ കോൺഗ്രസിൽ ആ‍ർക്കും വേണ്ടാത്ത കുഴിയാനയായി. മുൻ ഡിസിസി പ്രസിഡന്‍റ് ഗതിയില്ലാതെ ചാനൽ ജീവിയായി നടക്കുന്നു. ആലപ്പുഴയിലെ കോൺഗ്രസ് കീഴോട്ട് വളർന്നുകൊണ്ടിരിക്കുന്ന പടവലങ്ങയാണ്. അതിൽ കെട്ടിയിട്ട കല്ലാണ് ഷുക്കൂറെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. മൂന്നാമൻ വേണുഗോപാൽ ആലപ്പുഴയിൽ പ്രമാണിയാകാൻ വന്നെങ്കിലും പ്രാണിയെപ്പോലെ പറന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?