വിവാഹക്ഷണക്കത്തില്‍ 'മോദി' മയം; പുലിവാല് പിടിച്ച് കര്‍ഷകന്‍

By Web TeamFirst Published Mar 17, 2019, 11:31 AM IST
Highlights

മകന്റെ വിവാഹക്ഷണക്കത്തില്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന അച്ചടിച്ചതിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡുകാരനായ ജഗദീഷ് ചന്ദ്ര ജോഷി.
 

ഡെഹ്‌റാഡൂണ്‍: മകന്റെ വിവാഹക്ഷണക്കത്തില്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന അച്ചടിച്ചതിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡുകാരനായ ജഗദീഷ് ചന്ദ്ര ജോഷി. ക്ഷണക്കത്ത് പിന്‍വലിക്കാനും എത്രയും വേഗം നേരിട്ട് ഹാജരാകാനും കാണിച്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഡെഹ്‌റാഡൂണിലെ ഝോഷിഖോല ഗ്രാമത്തില്‍ കന്നുകാലി കര്‍ഷകനാണ് ജഗദീഷ് ചന്ദ്ര ജോഷി. 'വിവാഹത്തിന് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതല്ല. പക്ഷേ, വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തും മുമ്പ് ദേശീയ താല്പര്യം പരിഗണിച്ച് ഏപ്രില്‍ 11ന് മോദിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണം'. ജോഷിയുടെ മകന്‍ ജീവന്റെ വിവാഹക്ഷണക്കത്തിലേതാണ് ഈ വാചകം. ബിജെപി ചിഹ്നമായ താമരയും ക്ഷണക്കത്തില്‍ അച്ചടിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് ബാഗേശ്വറിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് ജോഷിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നാണ് ജോഷി പറയുന്നത്. തനിക്ക് രാഷ്ട്രീയതാല്പര്യങ്ങളില്ലെന്നും മക്കള്‍ നല്കിയ സന്ദേശം അതേപടി ക്ഷണക്കത്തില്‍ അച്ചടിപ്പിക്കുകയായിരുന്നു എന്നും ജോഷി പറയുന്നു. 

ഏപ്രില്‍ 22നാണ് ജോഷിയുടെ മകന്റെ വിവാഹം. ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക ഏപ്രില്‍ 11നാണ്. 
 

click me!