'എന്തിനീ നാടകം?', വീട്ടിലെത്തിയ ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്

By Web TeamFirst Published Mar 17, 2019, 11:19 AM IST
Highlights

'ഒരു ഓഫറും വയ്ക്കണ്ട', അസ്വസ്ഥനായി കെ വി തോമസ് രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ചു. ഇതോടെ ചെന്നിത്തലയുടെ അനുനയനീക്കം പാളി.

ദില്ലി: അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് സീറ്റ് നിഷേധിക്കപ്പെട്ട എം പി കെ വി തോമസ്. 'എന്തിനാണീ നാടകം?', എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും തോമസ് മാഷ് ക്ഷോഭിച്ചതായാണ് വിവരം.

ചില ഓഫറുകൾ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച് കെ വി തോമസിനെ നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. അത്തരത്തിലൊരു നിർദേശമാണ് കോൺഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വച്ചതും. സംഘടനാനേതൃത്വത്തിൽ സുപ്രധാനപദവി തന്നെ നൽകി കെ വി തോമസിനെ അനുനയിപ്പിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ ശ്രമം. കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചാടിയ ടോം വടക്കന്‍റെ നേതൃത്വത്തിൽ ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്നെ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള അനുനയനീക്കങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കെ വി തോമസിന്‍റെ വീട്ടിൽ കണ്ടത്. 

യുഡിഎഫ് കൺവീനർ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നൽകാമെന്നും, കെ വി തോമസിനെ പറഞ്ഞ് അനുനയിപ്പിക്കണമെന്നുമായിരുന്നു ദേശീയനേതൃത്വം ചെന്നിത്തലയ്ക്ക് നൽകിയ നിർദേശം. എന്നാൽ അത്തരമൊരു അനുനയത്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച നിലയിലാണ് കെ വി തോമസ്. താൻ എറണാകുളത്തേക്ക് വരില്ലെന്ന് ചെന്നിത്തലയോട് കെ വി തോമസ് തീർത്തു പറഞ്ഞു. തൽക്കാലം ദില്ലിയിൽ തുടരാനാണ് തീരുമാനം. എറണാകുളത്ത് വന്ന് ഹൈബി ഈഡന് വേണ്ടി പ്രചാരണം നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ് മാഷ്.

അവസാനനിമിഷം വരെ താനായിരിക്കും സ്ഥാനാർഥി എന്ന പ്രതീക്ഷയിലാണ് കെ വി തോമസ് മുന്നോട്ട് പോയത്. എന്നാൽ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് നേരത്തേ അറിയിച്ചത് പോലുമില്ല എന്ന നിരാശയിലും അമർഷത്തിലുമാണ് കെ വി തോമസ്. അക്കാര്യം തന്നെയാണ് തോമസ് മാഷ് നേരിട്ട് കണ്ട ചെന്നിത്തലയോട് പറഞ്ഞതും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച എന്തായാലും അരമണിക്കൂർ പോലും നീണ്ടില്ല. അതിനുള്ളിൽത്തന്നെ, തന്‍റെ ക്ഷോഭം അടക്കിവയ്ക്കാതെ അതൃപ്തി ചെന്നിത്തലയോട് കെ വി തോമസ് നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു. 

എന്തായാലും പാർട്ടിയുടെ സമുന്നതനായ നേതാവാണ് കെ വി തോമസ് എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. കെ വി തോമസ് ബിജെപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ ചെന്നിത്തല തള്ളി. 'ഏയ്, അദ്ദേഹം എങ്ങോട്ടും പോകില്ല', എന്ന് മാത്രം പറഞ്ഞ ചെന്നിത്തല കൂടുതലൊന്നും പ്രതികരിക്കാൻ തയ്യാറായില്ല. പരിചയസമ്പന്നനായ കെ വി തോമസിന്‍റെ സേവനം ഇനിയും പാർട്ടിക്ക് ആവശ്യമുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. മറ്റൊരു സീറ്റ് നൽകി തോമസിനെ അനുനയിപ്പിക്കുമോ എന്ന ചോദ്യത്തിനും ചെന്നിത്തലയ്ക്ക് മറുപടിയില്ല. 

ഇനി സോണിയാഗാന്ധിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും. എന്നാൽ അത്തരമൊരു കൂടിക്കാഴ്ചയുണ്ടായാൽപ്പോലും വേറൊരു സീറ്റ് കെ വി തോമസിന് ഇനി നേതൃത്വം നൽകാനിടയില്ല. അതുകൊണ്ടുതന്നെ കെ വി തോമസ് സോണിയാഗാന്ധിയെ കാണാൻ തയ്യാറാകുമോ എന്നതും വ്യക്തമല്ല.

ഇന്നലെ പൊട്ടിത്തെറിച്ച് 'തോമസ് മാഷ്'

എറണാകുളം ലോക്സഭാ മണ്ഡലത്തെ ദീർഘകാലമായി പാർലമെന്‍റിൽ പ്രതിനിധീകരിച്ച കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാർത്ഥത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്‍റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്‍റെ വൈകാരികമായ ചോദ്യം.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാൻ തയ്യാറായില്ല. ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവർത്തിച്ചു.

പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താൻ രാഷ്ട്രീയത്തിൽ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന്  ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു മറുപടി. 

ദീർഘകാലം കോൺഗ്രസ്  ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്‍റെ പിടി അയയുന്നത് രാഹുൽ ഗാന്ധി പ്രസിഡന്‍റായതിന് ശേഷമാണ്. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനം രാഹുൽ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി. 

ഇതിനിടെ കേരളാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ കൊച്ചിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി മികച്ച മാനേജ്മെന്‍റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്ത്തിയത് വിവാദമായിരുന്നു. അതിന് ശേഷം കെ വി തോമസ് രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നിഷേധത്തിന് ശേഷം കെവി തോമസ് ബിജെപി പ്രവേശന സാധ്യത തള്ളാത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.

click me!