
വടകര: കല്ലാച്ചി സർക്കാർ യുപി സ്കൂളിലെ 172ആം നമ്പർ ബൂത്തിലേക്ക് കുഞ്ഞഹമ്മദ് കുട്ടി വോട്ട് ചെയ്യാനെത്തിയപ്പോൾ കയ്യിൽ കരുതിയത് വോട്ടേഴ്സ് സ്ലിപ്പും തിരിച്ചറിയൽ കാർഡും മാത്രമായിരുന്നില്ല, പുത്തൻ ബാറ്ററിയിട്ട ഒരു ടോർച്ചും അദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്നു. എന്തിനെന്നല്ലേ? തെളിഞ്ഞ കാഴ്ചയോടെ വോട്ടിംഗ് യന്ത്രത്തിൽ അറിഞ്ഞ് കുത്താൻ.
കുഞ്ഞഹമ്മദ് കുട്ടിക്ക് അറുപത്തിനാല് വയസായി. പ്രായത്തിന്‍റെ ബുദ്ധിമുട്ടുകളുണ്ട്. കാഴ്ചയ്ക്ക് ഏതാനം വർഷമായി കാര്യമായ കുറവുണ്ട്. പക്ഷേ ഇരുട്ട് കണ്ണിലേക്കേ പടർന്നിട്ടുള്ളൂ. ഉള്ളിലെ രാഷ്ട്രീയബോധ്യം തെളിഞ്ഞുകത്തുകയാണ്. ഇതുവരെ ഒറ്റ തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിക്കാതിരുന്നിട്ടില്ല. കാഴ്ച കുറഞ്ഞുതുടങ്ങിയതിന് ശേഷം കുഞ്ഞഹമ്മദ് കുട്ടി ഓപ്പൺ വോട്ടായിരുന്നു ചെയ്തിരുന്നത്. അതായത് കാഴ്ച കുറവായതുകൊണ്ട് പോളിംഗ് ഓഫീസറുടെ അനുമതി പ്രകാരം മറ്റാരെങ്കിലും കുഞ്ഞഹമ്മദ് കുട്ടിക്കുവേണ്ടി വോട്ട് ചെയ്തു. പക്ഷേ ഇത്തവണ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്കിറങ്ങുമ്പോൾ കുഞ്ഞഹമ്മദ് കുട്ടി ഒരു തീരുമാനം എടുത്തിരുന്നു. ഓപ്പൺ വോട്ടിനില്ല, സ്വന്തമായിത്തന്നെ വോട്ട് ചെയ്യും. അതിനായാണ് ടോർച്ച് കരുതിയത്.
ഇതുവരെ തനിക്കുവേണ്ടി ഓപ്പൺ വോട്ട് ചെയ്തവർ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാനാർത്ഥിക്ക് തന്നെയാണോ വോട്ട് ചെയ്തതനെന്ന് കുഞ്ഞഹമ്മദ് കുട്ടിക്ക് നേരിയ സംശയമുണ്ടായിരുന്നു. അവർ വോട്ട് ചെയ്തത് കണ്ണിന് കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് ഇത്തവണ ഒരു സംശയത്തിനും തന്‍റെ വോട്ട് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഈ തെരഞ്ഞെടുപ്പ് അത്രയും പ്രാധാന്യമുള്ളതാണെന്ന് കുഞ്ഞഹമ്മദ് കുട്ടി കരുതുന്നു. തന്‍റെ വോട്ട് താനുദ്ദേശിക്കുന്നിടത്ത് തന്നെ വീഴണം എന്ന് നിർബന്ധമാണ്.
കുഞ്ഞഹമ്മദ് കുട്ടി പറഞ്ഞത് ഇങ്ങനെ, "എല്ലാവർക്കും അനുകൂലമായ ഭരണം വരട്ടെ എന്ന് വിചാരിച്ചു, വയസായില്ലേ, കാലിനും മുട്ടിനും ഒന്നും നോക്കണ്ട... എന്നാലും ഒരു വിശ്വാസം ഉണ്ടല്ലോ, വിശ്വാസ വഞ്ചന ചെയ്യാറുണ്ടല്ലോ.. സ്വന്തമായി ചെയ്യാം, വേറെ ആരെക്കൊണ്ടും ചെയ്യിക്കണ്ട എന്ന് കരുതി"
വോട്ടിംഗ് മെഷീന്‍റെ ബാലറ്റ് യൂണിറ്റിലേക്ക് ടോർച്ച് തെളിച്ച്, ശ്രദ്ധിച്ച് സമയമെടുത്ത് വോട്ട് ചെയ്ത്, വോട്ട് വീണത് സ്വന്തം സ്ഥാനാർത്ഥിക്ക് തന്നെ എന്നുറപ്പിച്ച് കുഞ്ഞഹമ്മദ് കുട്ടി ബൂത്തിൽ നിന്ന് മടങ്ങി. ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസത്തോടെ, ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത സംതൃപ്തിയോടെ.
കുഞ്ഞഹമ്മദ് കുട്ടി വോട്ട് ചെയ്യാൻ വന്ന വീഡിയോ കാണാം