ആന്ധ്രപ്രദേശിൽ വോട്ട് ചെയ്യാൻ ആളുകൾ കാത്തു നിന്നത് രാത്രി ഒരു മണിവരെ

By Web TeamFirst Published Apr 12, 2019, 12:16 PM IST
Highlights

​ഗുണ്ടൂർ, കൃഷ്ണ, നെല്ലൂർ, കർണൂൽ എന്നിവിടങ്ങളിലാണ് രാത്രി ഒരു മണിവരെയും വോട്ട് രേഖപ്പെടുത്താൻ ആളുകൾ കാത്തുനിന്നത്. വൈകുന്നേരം ആറ് മണിമുതലാണ് വോട്ട് ചെയ്യാനെത്തുന്നവരുടെ തിരക്ക് ഇവിടങ്ങളിൽ കൂടുതലായി അനുഭവപ്പെട്ടത്.

അമരാവതി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്നലെ ആന്ധ്രാപ്രദേശിലെ പല ബൂത്തുകളിലും പോളിം​ഗ് അർദ്ധരാത്രിക്ക്  ‌ശേഷവും നീണ്ടുപോയതായി റിപ്പോർട്ട്.  കള്ളവോട്ട് ചെയ്യാനെത്തിയതുൾപ്പെടെ ഇവിടങ്ങളിൽ പരക്കെ അക്രമങ്ങളും നടന്നിരുന്നു. സംഘർഷ മേഖലകളിൽ ബിഎസ് എഫ് ആകാശത്തേയ്ക്ക് വെടിവച്ചാണ് പരിസരം ശാന്തമാക്കിയത്. ​ഗുണ്ടൂർ, കൃഷ്ണ, നെല്ലൂർ, കർണൂൽ എന്നിവിടങ്ങളിലാണ് രാത്രി ഒരു മണിവരെയും വോട്ട് രേഖപ്പെടുത്താൻ ആളുകൾ കാത്തുനിന്നത്. വൈകുന്നേരം ആറ് മണിമുതലാണ് വോട്ട് ചെയ്യാനെത്തുന്നവരുടെ തിരക്ക് ഇവിടങ്ങളിൽ കൂടുതലായി അനുഭവപ്പെട്ടത്. എൺപത് ശതമാനത്തിലധികം പോളിം​ഗാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയത്. 

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ തകരാറുകൾ  സംഭവിച്ചതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. പോളിം​ഗ് ബൂത്തുകളിൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന്  വൈ.എസ്.ആര്‍.സി.പിയുടേയും ടി.ആര്‍.എസിന്റെയും ഓരോ പ്രവര്‍ത്തകര്‍  കൊല്ലപ്പെടുകയും ചെയ്തിരുന്നു. പോളിങ് ബൂത്തുകളില്‍ ആറ് മണിക്ക് ശേഷവും നീണ്ട ക്യൂ ആണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ 400 ഓളം പോളിങ് ബൂത്തുകളിൽ ഇ.വി.എം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വോട്ടിം​ഗ് യന്ത്രങ്ങൾ തകരാറിൽ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും വോട്ടുചെയ്യാനാകാതെ ആളുകള്‍ തിരിച്ചുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

പോളിം​ഗ് ബൂത്തുകളിൽ നേരിട്ട പ്രധാന പ്രതിസന്ധി വോട്ടിം​ഗ് മെഷീനുകളുടെ തകരാറായിരുന്നു. റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നന്ന് ഇദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. 150 പോളിം​ഗ് ബൂത്തുകളിൽ റീപോളിം​ഗ് നടത്തണമെന്ന് ഇദ്ദേഹം തെര‍ഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. 
 

click me!