തരൂരും കുമ്മനവും തമ്മിൽ 'പോസ്റ്റർ പോര്', തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ

By Web TeamFirst Published Mar 21, 2019, 12:37 PM IST
Highlights

'വൈ ഐയാം എ ഹിന്ദു' എന്ന പുസ്തകത്തിന്‍റെ കവർ വച്ചുള്ള പോസ്റ്ററിനെതിരെ ബിജെപി പരാതി നൽകിയപ്പോൾ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടം വച്ച് പോസ്റ്ററടിച്ചത് എന്തിനെന്ന് തിരിച്ചടിച്ച് തരൂർ. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും തമ്മിൽ പോസ്റ്ററിന്‍റെ പേരിൽ പോര്. 'വൈ ഐയാം എ ഹിന്ദു' എന്ന തരൂരിന്‍റെ പുസ്തകത്തിന്‍റെ കവർ പോസ്റ്ററിൽ വച്ചതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനെതിരെ രൂക്ഷമായ വിമർശനമാണ് ശശി തരൂർ ഉന്നയിക്കുന്നത്.

തന്‍റെ സ്വകാര്യസ്വത്തായ പുസ്തകത്തിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ബിജെപിക്ക് എന്താണ് അവകാശമെന്നാണ് തരൂർ ചോദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂർ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപരാതി നൽകി. ശബരിമലയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കുമ്മനം രാജശേഖരന്‍റെ പോസ്റ്ററിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചിത്രം വച്ചതിനെതിരെയും തരൂർ രംഗത്തെത്തി. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടം വച്ച് കുമ്മനത്തിന്‍റെ പോസ്റ്ററടിക്കാൻ എന്ത് അധികാരമെന്നും തരൂർ ചോദിച്ചു.  ഈ കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

''ശബരിമലയ്ക്ക് വേണ്ടിയും വിശ്വാസികൾക്കും വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല. റിവ്യൂ പെറ്റീഷൻ നൽകാനോ, ഒരു നിയമം കൊണ്ടു വരാനോ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുമില്ല.'' തരൂർ പറയുന്നു. ''30 വർഷം മുമ്പ് ഞാനെഴുതിയ ഒരു പുസ്തകത്തിന്‍റെ ചില വരികളെടുത്ത് നായർ സ്ത്രീകളെ അപമാനിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ് ബിജെപി. വാസ്തവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കാൻ ബിജെപിക്ക് നാണമില്ലേ?'' - തരൂർ ചോദിക്കുന്നു. 

'വൈ ഐയാം എ ഹിന്ദു' എന്ന പുസ്തകം എന്‍റെ സ്വകാര്യ സ്വത്താണ്. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാൻ വേണ്ടി തിരുവന്തപുരം ഡിസിസി ഇറക്കിയ പോസ്റ്ററാണത്. അതിന്‍റെ പേരിലാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. ആ പുസ്തകം പൊതുസ്വത്തല്ല, കഴിഞ്ഞ വർഷം ജനുവരിയിലിറക്കിയ പുസ്തകമാണ്' - തരൂർ പറഞ്ഞു. 

എന്നാൽ ഇതിന് മറുപടിയുമായി കുമ്മനം രാജശേഖരൻ രംഗത്തെത്തി. പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ പടം വച്ച് പോസ്റ്ററടിച്ചത് താനല്ല, വോട്ട് ചോദിച്ചല്ല അത്തരം ഒരു പോസ്റ്റ‌ർ ഇറക്കിയത്. അത് തനിക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് ഇറക്കിയ പോസ്റ്ററാണ്. അതിൽ ബിജെപി മറുപടി പറയേണ്ടതില്ലെന്നും കുമ്മനം പറയുന്നു. 'വൈ ഐയാം എ ഹിന്ദു' എന്ന പുസ്തകത്തിന്‍റെ കവർ വച്ച് തരൂർ പോസ്റ്റർ ഇറക്കിയതാണ് യഥാർഥ വർഗീയത എന്നാണ് കുമ്മനത്തിന്‍റെ മറുപടി. 

ശശി തരൂരിന്‍റെ 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തേ പറഞ്ഞിരുന്നു. പരിശോധിച്ച് നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. 

ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കുമെന്നാണ് ടിക്കാറാം മീണ പറഞ്ഞത്. ശബരിമല മതപരമായ വിഷയമാണ്. ദൈവത്തിന്‍റെയും ജാതിയുടെയും പേരിൽ വോട്ട് നേടാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. അതിനാൽ അയ്യപ്പന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ വോട്ട് നേടാൻ ശ്രമിക്കരുതെന്നും ടിക്കാറാം മീണ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷൻ എക്സ്പ്രസിൽ പറഞ്ഞിരുന്നു. 

click me!