
ചെന്നൈ: തമിഴ്‍നാട്ടിൽ ക്യാപ്റ്റൻ വിജയകാന്തിന്‍റെ ഡിഎംഡികെ എൻഡിഎയ്ക്ക് ഒപ്പം ചേരും. ലോക്‍സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്കൊപ്പം മത്സരിക്കാൻ പാർട്ടിക്കുള്ളിൽ ധാരണയായി. കയ്യിലുള്ള സീറ്റുകൾ വിട്ടുനൽകാൻ കോൺഗ്രസ് വിസമ്മതിച്ചതോടെയാണ് ഡിഎംകെയുമായുള്ള ഡിഎംഡികെയുടെ സഖ്യചർച്ച അവസാനിച്ചത്. എല്ലാ സഖ്യ പാർട്ടികളുടെയും ഒന്നിച്ചുള്ള പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ചെന്നൈയിലെത്തും.
ഏഴ് സീറ്റുകളാണ് ഡിഎംകെ സഖ്യത്തോട് വിജയകാന്ത് ആവശ്യപ്പെട്ടിരുന്നത്. രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് ഡിഎംകെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ പിഎംകെയ്ക്ക് പിന്നാലെ ഡിഎംഡികെയുമായുള്ള സഖ്യചര്‍ച്ചയ്ക്കും തിരശ്ശീല വീണു. തുടര്‍ച്ചയായ രണ്ടാം ദിനവും വിജയകാന്തുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയ അണ്ണാഡിഎംകെ നാല് സീറ്റുകള്‍ നല്‍കാമെന്നാണ് അറിയിച്ചത്.
ഒരു രാജ്യസഭാ സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ അണ്ണാഡിഎംകെയ്ക്ക് താത്പര്യമില്ല. രണ്ട് മുന്നണിയിലും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കരുത്ത് ഇന്ന് ഡിഎംഡികെയ്ക്ക് ഇല്ല. ചൊവ്വാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തുന്ന അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷം അധ്യക്ഷന്‍ വിജയകാന്ത് സഖ്യപ്രഖ്യാപനം നടത്തും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ ഭാഗമായിരുന്ന പുതിയ തമിഴകം പാർട്ടി അണ്ണാഡിഎംകെ സഖ്യത്തിനൊപ്പം സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎയുടെ പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തുന്നതിന് മുമ്പേ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താനാണ് നിര്‍ദേശം. എന്നാല്‍ പാര്‍ട്ടികളുടെ എണ്ണം കൊണ്ടല്ല,വോട്ടിലാണ് കാര്യമെന്ന് ആവര്‍ത്തിച്ച് പറയുന്നു ഡിഎംകെ.
എഴുതിത്തള്ളിയ ഇടത്ത് നിന്ന് ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് ബലപരീക്ഷണം നടത്തുകയാണ് അണ്ണാഡിഎംകെ. ഈ പുതിയ പരീക്ഷണം നടക്കുമോ എന്ന കാര്യം കണ്ടറിയാം.